സ്വന്തം പാര്‍ട്ടിക്കാരായ കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനായി പിണറായി സര്‍ക്കാര്‍ പഴ്സനല്‍ സ്റ്റാഫില്‍ തിരുകി കയറ്റിയത് 84 പേരെ. ഒന്നാം സര്‍ക്കാരില്‍ 41ഉം തുടര്‍ഭരണത്തില്‍ 43 വും പേര്‍ ഇടയ്ക്ക് ജോലി മതിയാക്കിയാണ് തിരുകികയറ്റലിന് അവസരമൊരുക്കിയത്. ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍, അവരുടെ സ്റ്റാഫിലുണ്ടായിരുന്ന കാലാവധി തികയാത്തവര്‍ക്ക് പോലും പെന്‍ഷന്‍ അനുവദിച്ച് നല്‍കുകയും ചെയ്തു.
പഴ്സനല്‍ സ്റ്റാഫില്‍ പ്രധാനപ്പെട്ട പദവി വഹിക്കുന്നവരെല്ലാം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മന്ത്രിമാര്‍ക്കൊപ്പം വരുന്നവരാണ്. അവര്‍ക്ക് പെന്‍ഷന്‍ സ്വാഭാവികമായും ലഭിക്കും. ക്ളര്‍ക്ക്, ഓഫിസ് അസിസ്റ്റന്‍റ്, കുക്ക് പോലുള്ള സാധാരണ ജോലികളിലാണ് പെന്‍ഷനായുള്ള തിരുകി കയറ്റല്‍ നടന്നത്.
ഒന്നാം പിണറായി സര്‍ക്കാരിലെ പഴ്സനല്‍ സ്റ്റാഫില്‍ അഞ്ചു വര്‍ഷത്തിനിടെ 684 പേരെയാണ് നിയമിച്ചത്. സൂക്ഷിച്ച് നോക്കിയാല്‍ ചിലരുടെ പേരിനൊപ്പം പ്രത്യേക കുറിപ്പ് കാണാം. ഇടയ്ക്ക് വെച്ച് ജോലി മതിയാക്കിയെന്ന അറിയിപ്പ്. ഒന്നാംസര്‍ക്കാരില്‍ 41 പേരും രണ്ടാം സര്‍ക്കാരില്‍ ഇതിനകം 43 പേരും ഇടയ്ക്ക് വെച്ചിറങ്ങി. എല്ലാവരും രണ്ടര വര്‍ഷം പിന്നിട്ട ശേഷം. തൊട്ടുപിന്നാലെ അത്രയും പേര്‍ക്ക് പകരക്കാരെ നിയമിക്കുകയും ചെയ്തു. രണ്ടര വര്‍ഷം പിന്നിട്ടപ്പോളുള്ള രാജികൊണ്ട് രാജിവെച്ചവര്‍ക്കും പകരം വരുന്ന അത്രയും പേര്‍ക്കും പെന്‍ഷന്‍ ഉറപ്പായി. അതായത് ഒരു ഭരണകാലയളവുകൊണ്ട് യഥാര്‍ത്ഥത്തില്‍ വേണ്ടതിന്‍റെ ഇരട്ടിയോളം പേര്‍ക്ക് പെന്‍ഷന്‍ വാങ്ങിക്കൊടുക്കുന്ന തന്ത്രം.
ഇടയ്ക്ക് മന്ത്രിമാര്‍ മാറുന്നതും പെന്‍ഷന്‍ തട്ടിപ്പിന് വഴിയൊരുക്കും. രണ്ടാം സര്‍ക്കാരില്‍ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി.പകരം വന്ന കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മുന്‍ഗാമികളുടെ സ്റ്റാഫിനെ സ്വീകരിക്കാതെ അവര്‍ക്ക് വേണ്ടപ്പെട്ടവരെ നിമയിച്ചു. ആന്‍റണി രാജുവിന്‍റെയും അഹമ്മദ് ദേവര്‍കോവിലിന്‍റെയും സ്റ്റാഫില്‍ പലരും പെന്‍ഷന് വേണ്ട സര്‍വീസായ രണ്ടര വര്‍ഷം തികഞ്ഞിരുന്നില്ല. ഉദാഹരണം ഗതാഗതമന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി, സര്‍വീസ് രണ്ട് വര്‍ഷവും മൂന്ന് മാസവും. പെന്‍ഷന്‍ അനുവദിച്ചു. മറ്റൊന്ന് തുറമുഖമന്ത്രിയുടെ പഴ്സനല്‍ അസിസ്റ്റന്‍റ്, അതും രണ്ടേകാല്‍ വര്‍ഷം സര്‍വീസ്. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി പെന്‍ഷന്‍ പറ്റുന്നു. ഇങ്ങനെ ഈ രണ്ട് മുന്‍മന്ത്രിമാരുടെ 28 സ്റ്റാഫിനാണ് കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ അനുവദിച്ചത്. ഒന്നാം സര്‍ക്കാരില്‍ തോമസ് ചാണ്ടി രാജിവെച്ചപ്പോഴും ഇതേ കരുതല്‍ സര്‍ക്കാര്‍ കാട്ടിയിരുന്നു.
പ്രതിമാസ പെന്‍ഷന്‍മാത്രമല്ല, നാല്‍പ്പതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റിയും ഈ തിരുകിക്കയറ്റലോടെ വേണ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പാക്കും. ഇടതായാലും വലതായാലും ഭരണം ലഭിക്കുമ്പോള്‍ ഈ തട്ടിപ്പ് തുടരുന്നതിനാല്‍ എല്ലാത്തിലും ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം ഇക്കാര്യത്തില്‍ മാത്രം മിണ്ടാറില്ല.