പഴ്സനല്‍ സ്റ്റാഫിന് വളഞ്ഞവഴിയില്‍ പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നികുതിപ്പണം പാര്‍ട്ടിക്കാര്‍ക്ക് വീതിച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനല്‍ സ്റ്റാഫ് നിയമനത്തിലെ കള്ളക്കളി പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസായിരുന്നു.
പഴ്സനല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകികയറ്റി ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് സര്‍ക്കാരിന്‍റെ വഴിവിട്ട നീക്കം. പെന്‍ഷന്‍ ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ സര്‍വീസായ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ പഴ്സനല്‍ സ്റ്റാഫിനെ മാറ്റും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ച പഴ്സനല്‍ സ്റ്റാഫില്‍ പകുതിപേരും മൂന്ന് വര്‍ഷം മാത്രം ജോലി ചെയ്തവരാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.
സുപ്രീംകോടതി ഉള്‍പ്പടെ വിമര്‍ശിച്ചിട്ടും നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളെ അപേക്ഷിച്ച് സ്റ്റാഫിന്‍റെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. മുഖ്യമന്ത്രിക്ക് നിലവിലുള്ളത് 32 പഴ്സനല്‍ സ്റ്റാഫാണ്. ഇതില്‍ 11 പേര്‍ വിവിധ സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നവര്‍. ബാക്കി 21 പേരും മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ താല്‍പര്യം മാത്രം നോക്കി നിയമിച്ചവരാണ്. മന്ത്രിമാരുടെ സ്റ്റാഫിലേക്ക് വന്നാല്‍ ആകെ 25 പേരുണ്ടങ്കില്‍ 17 പേരെ വരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കും.
അതിനിടെ പഴ്സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന കേരളത്തിലെ കീഴ്‍വഴക്കം മാറ്റാൻ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ചു തീരുമാനം എടുത്താൽ മതിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. താൻ മന്ത്രിയായിരുന്ന സമയത്തു പെൻഷൻ നൽകാനായി പഴ്സനല്‍ സ്റ്റാഫിനെ നിയമിച്ചിട്ടില്ലെന്നും ഐസക് വ്യക്തമാക്കി.