കണ്ണൂര്‍ കായലോട്ടെ എസ്.ഡി.പി.ഐയുടെ സദാചാര ആക്രമണം താലിബാന് സമാനമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി. കേസില്‍ യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ കാണാതായ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. തന്നെ ഒരു സംഘം മർദ്ദിച്ചെന്നും, ഫോൺ പിടിച്ചെടുത്തെന്നും യുവാവ് മൊഴി നൽകി. റഹീസിന്‍റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സദാചാര ആക്രമണക്കേസില്‍ എസ്.ഡി.പി.ഐക്കെതിരെ രൂക്ഷഭാഷയിലാണ് സി.പി.എം വിമര്‍ശനം. കേരളം താലിബാന്റെ അഫ്ഗാനല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് . സമൂഹത്തില്‍ സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് എസ്ഡിപിഐ ഫത്‌വ ഇറക്കുകയാണെന്നും വിമര്‍ശനം.
യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ ഫോൺ അടക്കം സ്വിച്ച് ഓഫ് ചെയ്ത്, കാണാതായ സുഹൃത്ത് റഹീസാണ് ഇന്ന് രാവിലെ പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. യുവതിയുമായി സംസാരിച്ചു നിൽക്കവേ, അഞ്ചു പേർ സ്ഥലത്തെത്തി അപമാനിച്ചു. മൂന്ന് ഫോണും ടാബ്ലറ്റും പിടിച്ചെടുത്തു. ബലമായി സ്കൂട്ടറിൽ കയറ്റി ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി മർദ്ദിച്ചു എന്നുമാണ് മൊഴി. ഇതിൻറെ അടിസ്ഥാനത്തിൽ ഇതിൻറെ അടിസ്ഥാനത്തിൽ മുബഷിർ , ഫൈസൽ, റഫ്നാസ്, സുനീർ, സക്കറിയ എന്നിവർക്കെതിരെയാണ് കേസടുത്തത്.
പണം തട്ടിയെടുത്തെന്നും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്നുള്ള ആരോപണവും റഹീസ് തള്ളി. അതേസമയം അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് ആരോപിച്ച് പിണറായി സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തി. യുവതിയുടെ ആത്മഹത്യാ കുറുപ്പിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്ന, ബന്ധു ഉൾപ്പെടെ മൂന്ന് എസ്ഡിപിഐ പ്രവർത്തകരാണ് അറസ്റ്റിലായത്.