പഠനയാത്രയ്ക്കിടെ അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിക്കു വിദഗ്ധ ചികില്‍സയെന്ന വാഗ്ദാനം സ്കൂളും വിദ്യാഭ്യാസ വകുപ്പും മറന്നു. ഏഴാം ക്ലാസുകാരന്‍ ആരോമലിന്‍റെ കൈ മുറിച്ചുമാറ്റേണ്ടിവരുമോയെന്ന ആശങ്കയില്‍ കുടുംബം. ഫെബ്രുവരിയിലെ പഠനയാത്രയിലാണ് കൊല്ലം മുഖത്തല എന്‍.എസ്.എസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആരോമലിന്‍റെ കൈമുട്ടില്‍ വാഹനമിടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുന്നത്.
അന്നത്തെ അപകടത്തില്‍ ആരോമലിന്‍റെ കയ്യൊടിഞ്ഞിരുന്നു. കന്യാകുമാരിയിലെ തന്നെ ഒരാശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കുശേഷം യാത്ര തുടര്‍ന്നു. യാത്ര കഴിഞ്ഞു തിരിച്ചെത്തിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ആദ്യ മണിക്കൂറില്‍ നടത്തേണ്ട ശസ്ത്രക്രിയ നടന്നത് 38 മണിക്കൂറിനു ശേഷം. അധ്യാപകരുടെ അനാസ്ഥയില്‍ അന്നു വ്യാപക പ്രതിഷേധമുണ്ടായി. വിഷയത്തില്‍ കൊല്ലം കലക്ടറുടെ ഇടപെടലുണ്ടായി. വിദഗ്ദ ചികില്‍സ സ്കൂളും സര്‍ക്കാരും ഉറപ്പു നല്‍കി.എന്നാല്‍ വെള്ളത്തില്‍ വരച്ച വരയായി. ആരോമലിന്‍റെ കൈയിലെ അണുബാധയെ തുടര്‍ന്നു പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചു. വികലാംഗനായ അഛനും വീട്ടുജോലിക്കാരിയായ അമ്മയുള്‍പ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബം ആകെ പ്രയാസത്തിലായി.
വേദന കടിച്ചമര്‍ത്തുമ്പോഴും അന്നത്തെ അപകടം ആരോമല്‍ ഇപ്പോഴും ഓര്‍ക്കുന്നു. അപകടത്തിനുശേഷം മുഖത്തല എന്‍.എസ്.എസ് സ്കൂളില്‍ നിന്നു ടി.സി വാങ്ങി കണ്ണനല്ലൂര്‍ എ.കെ.എല്‍.എം. എച്ച്.എസില്‍ ചേര്‍ന്നു.ശിശുക്ഷേമ സമിതിയും പ്രശ്നത്തില്‍ ഇടപെട്ടു. സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കുടുംബത്തിന്‍റെ അഭ്യര്‍ഥന.