സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടും വനംവകുപ്പിന്‍റെ പിടിവാശി കാരണം വനഗ്രാമം വിട്ട് പുറത്ത് പോകാന്‍ കഴിയാതെ വയനാട് പങ്കളത്തെ ആദിവാസി കുടുംബങ്ങള്‍. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ കുടുംബങ്ങള്‍ സ്ഥിരതാമസം ഇല്ലെന്ന് പറഞ്ഞാണ് വനംവകുപ്പ് പദ്ധതി തുക നിഷേധിക്കുന്നത്.
വനത്താല്‍ ചുറ്റപ്പെട്ട ചെറുഗ്രാമം. അതാണ് നൂല്‍പ്പുഴയ്ക്ക് അടുത്തുള്ള പങ്കളം എന്ന വനഗ്രാമം. നേരത്തെ ഇവിടെ കൃഷിയുണ്ടായിരുന്നു. വന്യമൃഗ ശല്യം രൂക്ഷമായതോടെ കൃഷിയെന്നല്ല ജീവിതം തന്നെ ദുസഹമായി. അങ്ങനെയാണ് ആദിവാസി കുടുംബങ്ങള്‍ക്കായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി വരുന്നത്. പ്രായപൂര്‍ത്തിയായ ഓരോ കുടുംബാഗത്തിനും 15 ലക്ഷം രൂപ നല്‍കി ഇവിടെ നിന്ന് പൂര്‍ണമായും മാറ്റി താമസിപ്പിക്കുന്നതാണ് പദ്ധതി. ഏതാനും കുടുംബങ്ങള്‍ക്ക് തുക ലഭിച്ച് വനഗ്രാമം വിട്ടെങ്കിലും മറ്റ് കുടുംബങ്ങളെ വനംവകുപ്പ് പൂര്‍ണമായി തഴഞ്ഞു. പഠനത്തിനും തൊഴില്‍ ആവശ്യത്തിനുമായി പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആറ് കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ നിലപാട്.
എല്ലാ കുടുംബങ്ങളും മാറി താമസിക്കാന്‍ സന്നദ്ധരാണ്. വനം വകുപ്പ് സര്‍വേയ്ക്ക് വന്നപ്പോള്‍ കുടുംബങ്ങളെ ഇവിടെ കണ്ടില്ലെന്ന് പറഞ്ഞാണ് ഇവരെ തഴഞ്ഞത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ ഇവിടെ ഇനി ജീവിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു. ആകെയുള്ള 14 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ച് ഇവിടെ സ്വാഭാവിക വനമാക്കി മാറ്റാനുള്ള വനം വകുപ്പിന്‍റെ പദ്ധതിക്ക് അവര്‍ തന്നെ തുരങ്കം വയ്ക്കുന്ന കാഴ്ചയാണ് പങ്കളത്ത് കാണുന്നത്.