മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകികയറ്റി ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ഉറപ്പാക്കി സര്‍ക്കാരിന്‍റെ വഴിവിട്ടനീക്കം. പെന്‍ഷന്‍ ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ സര്‍വീസായ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ പഴ്സനല്‍ സ്റ്റാഫിനെ മാറ്റും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ച പഴ്സനല്‍ സ്റ്റാഫില്‍ പകുതിപേരും മൂന്ന് വര്‍ഷം മാത്രം ജോലി ചെയ്തവര്‍. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സ്വജനപക്ഷപാതത്തിന്‍റെ അറിയാക്കഥകള്‍ പുറത്തുവന്നത് മനോരമ ന്യൂസിന് വിവരാവകാശനിയമപ്രകാരം ലഭിച്ച സര്‍ക്കാര്‍ രേഖകളില്‍ നിന്നാണ്.
കാറിന്‍റെ ഡോര്‍ തുറന്ന് കൊടുക്കാന്‍, ഫയലുകള്‍ എഴുതാന്‍, പ്രസംഗം തയാറാക്കാന്‍, എന്തിന് കുടിവെള്ളമെടുത്ത് കൊടുക്കാന്‍ വരെ പഴ്സനല്‍ സ്റ്റാഫുണ്ട് നമ്മുടെ മന്ത്രിമാര്‍ക്ക്. 557 പേരാണ് മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫുകളായി ഇപ്പോള്‍ ജോലിയെടുക്കുന്നത്. മുഖ്യമന്ത്രിക്കാണ് ഏറ്റവുമധികം പഴ്സണല്‍ സ്റ്റാഫ്. 32പേര്‍. മന്ത്രിമാര്‍ക്ക് 21 മുതല്‍ 25പേര്‍വരെ പഴ്സണല്‍ സ്റ്റാഫുകളായുണ്ട് . പ്രതിപക്ഷ നേതാവും മോശമല്ല. 25പേരാണ് പ്രതിപക്ഷ നേതാവിന് സ്റ്റാഫുകളായുള്ളത്. പ്രത്യേക ജോലിയൊന്നുമില്ലങ്കിലും ചീഫ് വിപ്പും വെച്ചിട്ടുണ്ട് 24 പേരെ.
മന്ത്രിമാര്‍ക്ക് രാവും പകലും ജോലിയുണ്ട്. ഓഫീസിനകത്തും പുറത്തും ഉത്തരവാദിത്തങ്ങളുമുണ്ട്. അതിനാല്‍ പേഴ്സനല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ തെറ്റൊന്നുമില്ല. കാലങ്ങളായി എല്ലാ സര്‍ക്കാരുകളും തുടരുന്നതുമാണ്. പക്ഷേ, പാര്‍ട്ടി താല്‍പര്യം മാത്രം നോക്കി നിയമിക്കുന്ന അവര്‍ക്ക്, ജീവിതകാലം മുഴുവന്‍ പൊതുപണം കിട്ടാനായി കള്ളക്കളി നടത്തുമ്പോഴാണ് അഴിമതിയും സ്വജനപക്ഷപാതവുമൊക്കെയാകുന്നത്.
2023 മുതല്‍ 125 പഴ്സണല്‍ സ്റ്റാഫുകള്‍ക്കാണ് പെന്‍ഷന്‍ അനുവദിച്ചത്. അതില്‍ 60 പേരുടെ സര്‍വീസ് കാലാവധി വെറും 3 വര്‍ഷമാണ്. ഇവര്‍ 3 വര്‍ഷം ജോലി ചെയ്തശേഷം രാജിവെച്ച് മറ്റ് ജോലിക്ക് പോയി. പെന്‍ഷന്‍ വാങ്ങിയതില്‍ 13 പേര്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തും 40 പേര്‍ തുടര്‍ഭരണകാലത്തുമുള്ളവരാണ്. 7 പേര്‍ വിവിധ മുന്‍സര്‍ക്കാരുകളുടെ കാലത്തുള്ളവരും. അതായത് കുറുക്കുവഴിയില്‍ പെന്‍ഷന്‍ വാങ്ങിയ 53 പേരും പിണറായി സര്‍ക്കാറിന്‍റെ സ്വന്തക്കാര്‍ തന്നെ.
മൂന്ന് വര്‍ഷംകൊണ്ട് ജോലി മതിയാക്കുന്നതിന്‍റെ ഗുട്ടന്‍സ്, പെന്‍ഷന്‍ കിട്ടാനുള്ള ഏറ്റവും കുറഞ്ഞ സര്‍വീസ് 3 വര്‍ഷമാണെന്നതാണ്. രണ്ട് വര്‍ഷവും ആറ് മാസവും സര്‍വീസായാല്‍ മൂന്നുവര്‍ഷമായി കണക്കാക്കും. അതുകൊണ്ട് ഭരണം തുടങ്ങുമ്പോള്‍ വേണ്ടപ്പെട്ട കുറച്ച് പേരെ സ്റ്റാഫിലെടുക്കും. മൂന്ന് വര്‍ഷമാകുമ്പോള്‍ പെന്‍ഷന്‍ ഉറപ്പാക്കിയിട്ട് അവര്‍ രാജിവെക്കും. പകരം വേണ്ടപ്പെട്ട മറ്റൊരാളെ നിയമിക്കും. ഭരണം തീരുമ്പോളേക്കും അവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കും. ഇതാണ് പെന്‍ഷന്‍ തട്ടിപ്പിന്‍റെ കേരള മോഡല്‍. മാസം 3350 രൂപയാണ് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍. പെന്‍ഷന്‍ കിട്ടിയ ശേഷം മറ്റ് ജോലിക്ക് പോകുന്നതോടെ സര്‍ക്കാരിന്‍റെ സ്വന്തക്കാര്‍ക്ക് പെന്‍ഷന്‍ ആജീവനാന്ത പോക്കറ്റ് മണിയായി മാറുന്നു. നാടിന് കോടികളുടെ അധികച്ചെലവും.
കുറുക്കുവഴി പെന്‍ഷന് വഴിവിട്ട ഇളവ് വേറെയും
സര്‍ക്കാരിന്‍റെ സ്വന്തക്കാരായ പഴ്സനല്‍ സ്റ്റാഫിന് സര്‍വീസ് കാലാവധി അട്ടിമറിച്ചും പെന്‍ഷന്‍ ഉറപ്പാക്കുന്നു. കാലാവധി തികയാത്ത 19 പേര്‍ക്ക് രണ്ട് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചു. 25 പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയത് പ്രത്യേക പരിഗണനയോടെയാണ്. ഉത്തരവുകള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു.
കഴിഞ്ഞ 2 വര്‍ഷത്തിനിടെ പെന്‍ഷന്‍ അനുവദിച്ചവരുടെ പട്ടികയില്‍ തന്നെ ഇത്തരം അട്ടിമറികള്‍ കാണാം. ഉദാഹരണം ഒന്നാം സര്‍ക്കാരിലെ ആരോഗ്യമന്ത്രിയുടെ ഓഫീസ് അറ്റന്‍ഡന്‍റ്. 2019 മാര്‍ച്ച് 1ന് ജോലിയില്‍ കയറി ഭരണം തീര്‍ന്ന 2021 മെയ് 31ന് മതിയാക്കി. സര്‍വീസ് രണ്ട് വര്‍ഷവും മൂന്ന് മാസവും. പക്ഷെ മൂന്ന് വര്‍ഷം തികഞ്ഞെന്ന പേരില്‍ പെന്‍ഷന്‍ അനുവദിച്ചു. ഒന്നും രണ്ടുമല്ല, 19 പേര്‍ക്കാണ് ഇങ്ങിനെ കാലാവധി തികയും മുന്‍പ് പെന്‍ഷന്‍ അനുവദിച്ചത്. 25 പേര്‍ക്ക് രണ്ടര വര്‍ഷമെന്ന പ്രത്യേക ആനൂകൂല്യത്തിന്‍റെ അകമ്പടിയോടെയും പെന്‍ഷന്‍ കൊടുത്തു. 9 വര്‍ഷം പിന്നിട്ട് സര്‍ക്കാരിലെ വെറും രണ്ട് വര്‍ഷ കണക്ക് പുറത്തുവരുമ്പോളാണ് ഇത്രയും വഴിവിട്ട ഇടപാടുകളെന്ന് പ്രത്യേകം ഓര്‍ക്കണം.
പഠിച്ച് പരീക്ഷയെഴുതി യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലിക്ക് കയറുന്നവര്‍ക്ക് പെന്‍ഷന്‍ കിട്ടാന്‍ കുറഞ്ഞത് 15 വര്‍ഷം ജോലി ചെയ്യണം. അപ്പോഴാണ് രാഷ്‍ട്രീയ ബലത്തിന്‍റെ പേരില്‍ മാത്രം ജോലിക്ക് കയറുന്നവര്‍ രണ്ടര വര്‍ഷം മാത്രം ജോലി ചെയ്ത്, 30ഉം 35ഉം വയസ് മുതല്‍ ആജീവനാന്ത പെന്‍ഷന്‍ വാങ്ങുന്നത്. ഇതിനായി മുടക്കുന്നത് കോടികളും.