cosmetic-hospital

TOPICS COVERED

തിരുവനന്തപുരം കഴക്കൂട്ടത്തെ കോസ്മറ്റിക് ക്യൂ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വയറിലെ കൊഴുപ്പ് നീക്കല്‍ ശസത്രക്രിയ പിഴവിനെ തുടര്‍ന്ന് വിരലുകള്‍ മുറിച്ച് മാറ്റേണ്ടി വന്ന നീതു. ചെറിയ സര്‍ജറിയാണെന്നും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നും വിശ്വസിപ്പിച്ചാണ് ശസ്ത്രക്രിയ ചെയ്തതെന്ന് നീതു മനോരമ ന്യൂസിനോട് പറഞ്ഞു.  ശസ്ത്രക്രിയക്ക് ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നും നീതു ആരോപിച്ചു. 

വയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടര്‍ന്ന് കയ്യിലെയും കാലിലെയും ഒമ്പത് വിരലുകളാണ് മുറിച്ച് മാറ്റേണ്ടിവന്നത്. താന്‍ കടന്ന് പോയ ദുരിതവും അതിന് കോസ്മറ്റിക് ക്യൂ ആശുപത്രി എങ്ങനെ കാരണമായി എന്നും നീതു ആദ്യമായിട്ടാണ് തുറന്ന് പറയുന്നത്. 

ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുമ്പ് വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയ ഉടനെ ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങി. അപ്പോള്‍ തന്നെ ആശുപത്രി അധികൃതരെ അറിയിച്ചു. ‌പിറ്റേന്ന് രാവിലെ ആശുപത്രിയിലെത്തി വൈകിട്ടുവരെ അവിടെ കിടന്നെങ്കിലും കാര്യമായ ചികിത്സയൊന്നും നല്‍കിയില്ലെന്നും നീതു പറഞ്ഞു. ഒടുവില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞ് അബോധാവസ്ഥയിലാവുകയും കടുത്ത ശ്വാസ തടസ്സമുണ്ടാവുകയും ചെയ്തപ്പോള്‍ മാത്രമാണ് അനന്തപുരിയിലേക്ക് മാറ്റാന്‍ തയ്യാറായതെന്നും, ആബുലന്‍സിലല്ല ടാക്സിയിലാണ് കൊണ്ടുപൊയതെന്നും നീതു പറയുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച് ആശുപത്രി രംഗത്തെത്തി. മാധ്യമങ്ങളെ ഉപയോഗിച്ച് മെഡിക്കല്‍ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നീതു നടത്തുന്നത്. നാളെ ചേരുന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ അപക്സ് യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. 

ENGLISH SUMMARY:

Neethu, a woman from Kazhakkoottam, Thiruvananthapuram, has raised serious allegations against Cosmetic Q Hospital, claiming medical negligence during a fat removal surgery led to the amputation of nine fingers on her hands and feet. She told Manorama News that she was misled into believing it was a minor procedure with no side effects. After severe post-surgery complications, she alleges the hospital failed to provide adequate treatment and even sent her home within 24 hours. She was later rushed to another hospital in a taxi, not even an ambulance. The hospital has denied the allegations, accusing her of attempting to mislead the medical board through the media.