കേരളത്തിൻ്റെ തെക്കേ അറ്റത്ത് തിരുവനന്തപുരം കുളത്തൂരിലെ അഞ്ച് വാർഡുകളിൽ ഒരു സ്ഥാനാർഥിക്കും പ്രചരണ സാധനങ്ങളില്ല. കാടിളക്കിയുള്ള പ്രചരണ കോലാഹലങ്ങളുമില്ല. അവിടുത്തെ വിശേഷം കണ്ടുവരാം. പാലം കടന്നാൽ തീരത്തിനോട് ഇഷ്ടം കൂടി കൂടി കയറ്റിറക്കങ്ങളുടെ വള്ളപ്പാടാണ്. വലയെറിഞ്ഞ് തുഴയെറിഞ്ഞ് ചാകര കോള് തേടുന്നവരുടെ അരികിലേക്ക് വോട്ട് തേടി സ്ഥാനാർഥികൾ വരും. വോട്ടഭ്യർഥിക്കും. പക്ഷേ പോസ്റ്ററിൽ ചിരിച്ച മുഖം പതിപ്പിച്ച് ചുമരുകളിൽ നിറയാൻ ഇവരില്ല. കുളത്തൂർ പഞ്ചായത്തിലെ കടലോര ഗ്രാമങ്ങളായ പരുത്തിയൂർ, പൊഴിക്കര ബീച്ച് , മുല്ലശ്ശേരി, കൊല്ലങ്കോട്, പൊയ്പള്ളി വിളാകം വാർഡുകളിലെ കഥ വേറെയാണ്. ഒരു തിരഞ്ഞെടുപ്പിലും നേരിലല്ലാതെ വോട്ടർമാർ സ്ഥാനാർഥികളെ കാണാറില്ല. അതിന് കൃത്യമായ കാരണവുമുണ്ട്.
പോസ്റ്ററില്ലെന്ന് കരുതി സ്ഥാനാർഥികളെ വോട്ടർമാർക്ക് അറിയില്ലെന്ന് കരുതരുത്. പ്രചരണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശം കൃത്യമായി പാലിക്കുന്നവരാകും സ്ഥാനാർഥികൾ. ഇരുപത്തി അഞ്ച് വർഷം മുൻപ് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെയുണ്ടായ തർക്കത്തിൽ പ്രദേശത്ത് ഒരു പാർട്ടി പ്രവർത്തകന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതെത്തുടർന്ന് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിശബ്ദ പ്രചരണ വഴി തേടിയത്. സമ്മതിദായകർ ആർക്കാണ് വോട്ട് നൽകേണ്ടതെന്ന് തീരുമാനിച്ചു കഴിഞ്ഞു.
പരസ്യ പ്രചരണം നടത്തിയേ മതിയാവൂ എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ദിവസം സ്ഥാനാർഥികൾക്ക് ഇതിനുള്ള അവസരം നൽകും. പക്ഷേ പ്രചരണം കഴിഞ്ഞാൽ സ്വന്തം നിലയിൽ സാധനങ്ങൾ മാറ്റണമെന്ന് മാത്രം. പ്രചരണത്തിൽ മിതത്വം പാലിക്കുന്നുണ്ടെങ്കിലും വാശിയേറിയ മൽസരപ്പോരാട്ടത്തിന് യാതൊരു കുറവുമില്ല. പ്രചരിപ്പിച്ചാലേ വോട്ടർമാരുടെ ഹൃദയത്തിൽ ഇടംപിടിക്കാനാവൂ എന്ന് കരുതുന്ന സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതൃത്വവും ഇത് കാണണം. പൂർണമായല്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ ഇതിൽ കുറച്ചെങ്കിലും പാലിക്കാൻ ശ്രമിക്കണം.