കൊല്ലം കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. സംശയ രോഗത്തിന്‍റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന. കുളത്തുപ്പുഴ ആറ്റിൻകിഴക്കേക്കര മനുഭവനിൽ രേണുകയാണ് (36) കൊല്ലപ്പെട്ടത്. ഭർത്താവ് സനുക്കുട്ടൻ കൊല നടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു.
കൊലയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളാണെന്നാണ് കുളത്തൂപ്പുഴ പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പതിനൊന്നരക്കാണ് സനുക്കുട്ടന്‍ രേണുകയെ കുത്തിക്കൊന്നത്. ഇയാള്‍ സംശയരോഗത്തിന് അടിമയാണ്. കുട്ടികളുടെ മുന്നിൽ നിന്ന രേണുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കത്രിക ഉപയോഗിച്ച് കഴുത്തിലും പുറത്തും വയറ്റിലും കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ, കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രേണുക മരിച്ചത്.