കാസർകോട്ട് ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധസംഘം, മനോരമ ന്യൂസ് സംഘത്തെ കണ്ട് പരിശോധന വെട്ടിച്ചുരുക്കി സ്ഥലംവിട്ട വീരമലക്കുന്നിൽ വിള്ളൽ. കലക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ ഡ്രോൺ പരിശോധനയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർ ദേശീയപാത അതോറിറ്റിക്ക് കൈമാറും. കേരളത്തിലെ ദേശീയപാത നിർമ്മാണം പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞ മെയ് 12നാണ് വീരമലക്കുന്നില്‍ പരിശോധനയ്ക്കായി എത്തിയത്. വീരമലക്കുന്നിൽ ഒരു മിനിറ്റ് മാത്രം ചെലവഴിച്ച സംഘം മട്ടലായി കുന്നിൽ ഇറങ്ങാൻ പോലും കൂട്ടാക്കിയില്ല.
മലകൾ ഇടിച്ചിറക്കിയ ഇടങ്ങളിൽ ചെരിവ് സംരക്ഷണം പഠിക്കാനായി നിയോഗിച്ച സംഘത്തില്‍ വിരമിച്ച ശാസ്ത്രജ്ഞന്‍ കിഷോർ കുമാറിന്റെ അധ്യക്ഷതയിലുള്ള നാലംഗ സംഘത്തിൽ പാലക്കാട് ഐഐടിയിൽ നിന്നുള്ള ടി.കെ സുധീഷും ഉണ്ട്. കാസർകോട് ജില്ലയിൽ ഗുരുതര സാഹചര്യമുള്ള വീരമലക്കുന്നിലും മട്ടലായി കുഞ്ഞിലും പരിശോധന നടത്തുന്നതിനേക്കാൾ, മാധ്യമശ്രദ്ധ തെറ്റിക്കലായിരുന്നു സംഘത്തിന്‍റെ പ്രധാന ലക്ഷ്യം. കഴിഞ്ഞദിവസം ന്യൂ ബേവിഞ്ചയിൽ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്നാണ് കലക്ടർ ഡ്രോൺ പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഈ പരിശോധനയിലാണ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തിയത്.
മലയ്ക്കു മുകളിൽ നീളത്തിലും കുത്തനെയുമുള്ള വിള്ളലുകളിൽ കൂടുതൽ വെള്ളം ഇറങ്ങുന്നത് അപകട ഭീഷണിയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഡ്രോൺ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് തഹസിൽദാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ദേശീയപാത അതോറിറ്റിയോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതിനിടെ ന്യൂ ബേവിഞ്ചയിൽ കഴിഞ്ഞദിവസം ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞ സ്ഥലത്ത് കൂടുതൽ പരിശോധനയ്ക്കായും ഇതേസംഘത്തെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.