• ആര്‍എസ്എസ് ചിഹ്നം അംഗീകരിപ്പിക്കാന്‍ നോക്കേണ്ടെന്ന് സര്‍ക്കാര്‍
  • ചിത്രം രാജ്ഭവനില്‍ തുടരുമെന്ന് ഗവര്‍ണര്‍
  • സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നിന്നൊഴിവാക്കും?

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ വിട്ടു വീഴ്ചയ്ക്കില്ലാതെ ഗവര്‍ണറും സര്‍ക്കാരും. രാജ്ഭവനില്‍ നിന്ന് ചിത്രം മാറ്റില്ലെന്ന് ഗവര്‍ണര്‍  വ്യക്തമാക്കിയതോടെ, സര്‍ക്കാരും നിലപാട് കടുപ്പിക്കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തേണ്ട എന്ന തീരുമാനം എടുക്കുന്നതും പരിഗണനയിലാണ്. 

ആര്‍എസ്എസിന്‍റെ ചിഹ്നം അവര്‍ കൊണ്ടുനടക്കട്ടെയെന്നും മറ്റുള്ളവരെ അംഗീകരിപ്പിക്കാന്‍ രാജ്ഭവന്‍ വേദിയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞ് 24 മണിക്കൂര്‍ കഴിയും മുന്‍പാണ് രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം വീണ്ടും വേദിയിലെത്തുന്നതും ചടങ്ങില്‍ അധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി അതൃപ്തി പ്രകടിപ്പിച്ച് വേദി വിടുന്നതും. മന്ത്രി രൂക്ഷമായ വാക്കുകളില്‍ ഗവര്‍ണറെ വിമര്‍ശിക്കുകയും ചെയ്തു.

 ചിത്രം രാജ്ഭവനില്‍തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയായിരുന്നു ഗവര്‍ണറുടെ മറുപടി. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം രാജ്ഭവന്‍ വേദിയിലുണ്ടെങ്കില്‍  സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തുന്നത് ഒഴിവാക്കുന്നത് പരിഗണനയിലാണ്.  അതേസമയം, വലിയ പോരിന് പോകാനും സര്‍ക്കാരിന് താല്‍പര്യമില്ല. നിലമ്പൂര്‍ചൂട് അടങ്ങിയതിനാല്‍ സര്‍ക്കാര്‍ നിലപാട് എത്ര കടുപ്പിക്കും എന്നാണ് ഇനി കാണേണ്ടത്. 

ENGLISH SUMMARY:

The controversy over the 'Bharathamba' image with a saffron flag intensifies in Kerala. The Governor refuses to remove the picture from Raj Bhavan, leading the government to consider boycotting events there.