എം.ആര്.അജിത്കുമാറിനെ ഡിജിപി നിര്‍ണയ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാനം. 30 വര്‍ഷ സര്‍വീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ലെന്ന യു.പി.എസ്.സി നിലപാടിനെതിരെയാണ് ആഭ്യന്തരവകുപ്പ് കത്തയച്ചത്. എഡിജിപി റാങ്കിലുള്ളവരെ നേരത്തെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാദം. അതിനിടെ റവാഡ ചന്ദ്രശേഖര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും.
മാനദണ്ഡങ്ങളില്‍ യുപിഎസ്സി ഉറച്ച് നിന്നതോടെ പൊലീസ് മേധാവിയാകാനുള്ള എം.ആര്.അജിത്കുമാറിന്റെ സാധ്യതകള്‍ അടഞ്ഞതായിരുന്നു. വീണ്ടും തുറക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും. സംസ്ഥാനം നല്കിയ ആറംഗ പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിതിനും അജിത്കുമാറിനും 30 വര്‍ഷ സര്‍വീസും ഡി.ജി.പി റാങ്കുമില്ല. അതിനാല്‍ പരിഗണിക്കില്ലെന്നാണ് യുപിഎസ്സി സംസ്ഥാനത്തെ അറിയിച്ചത്. അതിന് മറുപടിയായി കത്തയച്ച സംസ്ഥാനം രണ്ട് പേരെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എഡിജിപി റാങ്കുള്ളവരെ പരിഗണിച്ച ചരിത്രമുണ്ടെന്നാണ് കാരണമായി പറയുന്നത്.
അനില്‍ കാന്ത് സംസ്ഥാന പൊലീസ് മേധാവിയായപ്പോള്‍ അദേഹത്തിന് എ.ഡി.ജി.പി റാങ്കായിരുന്നൂവെന്നതും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഡിജിപി റാങ്കിലുള്ള ടോമിന് തച്ചങ്കരിയെ യുപിഎസ്സി ഒഴിവാക്കിയതും കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന മറ്റ് ഡിജിപിമാര്‍ താല്പര്യം അറിയിക്കാതിരുന്നതുമായിരുന്നു അന്ന് എഡിജിപിയായ അനില്‍കാന്തിന് നറുക്കുവീഴാന്‍ കാരണം. അതിനാല്‍ സംസ്ഥാനത്തിന്റെ ആവശ്യം യുപിഎസ്സി അംഗീകരിക്കുമോയെന്ന് കണ്ടറിയണം. അതിനിടെ ഡി.ജി.പി നിര്‍ണയത്തിനുള്ള അന്തിമപട്ടികയില്‍ ഇടംപിടിക്കാനുള്ള പോരാട്ടം കടുക്കുകയാണ്.
കേരളത്തിലെത്തിയ കേന്ദ്ര ഐ.ബി സ്പെഷല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ കണ്ട് പൊലീസ് മേധാവിയാകാനുള്ള താല്പര്യം അറിയിച്ചേക്കും. അജിത്കുമാറോ മനോജ് എബ്രഹാമോ അന്തിമപട്ടികയില്‍ ഉള്പ്പെട്ടില്ലങ്കില് റവാഡയ്ക്കാണ് സാധ്യത കൂടുതല്‍.