വയനാട് മുണ്ടക്കൈ– ചൂരല്‍മല പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഈ മഴക്കാലത്ത് പട്ടിണിയില്‍. തൊഴില്‍ ആനുകൂല്യങ്ങള്‍ ഇനിയും ലഭിക്കാത്ത 160ഓളം തൊഴിലാളികള്‍ കടം കയറി വന്‍ പ്രതിസന്ധിയിലാണ്.
അഞ്ച് പതിറ്റാണ്ടായി എസ്റ്റേറ്റ് ലയമാണ് രാജാമണിയുടെ ലോകം. തോട്ടം തൊഴിലില്‍ നിന്ന് പിരിഞ്ഞിട്ട് പത്തുവര്‍ഷമായി. തേയില എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ മുടങ്ങിയ കുടിശികയും ആനുകൂല്യങ്ങളും കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. മണ്ണ് പോയി, തൊഴിലും ഇല്ല. ഇപ്പോള്‍ പട്ടിണിയുടെ വക്കിലാണ്.
ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച രാജാമണിയെ പോലെ മിക്ക തൊഴിലാളികളും കടക്കെണിയിലാണ്. മുണ്ടക്കൈ– ചൂരല്‍മല പുരധിവാസത്തിന്‍റെ ഭാഗമായുള്ള ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം എസ്റ്റേറ്റില്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, പുല്‍പ്പാറ ഡിവിഷനില്‍ മാത്രം 160ഓളം തൊഴിലാളികള്‍ക്ക് ആറ് മാസത്തെ ശമ്പള കുടിശികയുണ്ട്. 2016 മുതലുള്ള പി.എഫ് കുടിശിക, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ അതെല്ലാം വെറെ.
രണ്ട് ഘട്ടമായി 44.33 കോടി രൂപ സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവച്ചാണ് ഭൂമി ഏറ്റെടുത്തത്. ഇതില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി വഴിയുള്ള ഇടപെടല്‍ സര്‍ക്കാര്‍ വേഗത്തിലാക്കുന്നില്ല എന്നാണ് ആക്ഷേപം. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ട്രേഡ് യൂണിയനുകള്‍ പലതവണ സമര രംഗത്ത് ഇറങ്ങി. തൊഴില്‍ വകുപ്പും ജില്ലാ കലക്ടറും മന്ത്രിമാരും ഉള്‍പ്പെട്ട ചര്‍ച്ചകള്‍ പലത് കഴിഞ്ഞിട്ടും ബാക്കിയാകുന്നത് സാങ്കേതികമായ നൂലാമാലകള്‍ മാത്രമാണ്.