വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് പരക്കെ മഴ കിട്ടും. കണ്ണൂരും കാസര്‍കോടും ഒാറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്നു മുതല്‍ മഴയുടെ തീവ്രതക്ക് അല്‍പ്പം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നും നാളെയും കേരള –ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. അറബികടലില്‍ തെക്കന്‍ഗുജറാത്തിനു മുകളിലും ബംഗാള്‍ഉള്‍ക്കടലില്‍ ബംഗ്ളാദേശിന് സമീപവും ആയി രണ്ടു ന്യൂനമര്‍ദങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഇടവിട്ട മഴ തുടരുന്നു. കണ്ണമാലി, ചെറായി, നായരമ്പലം, വൈപ്പിന്‍ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കടലാക്രമണത്തിനുള്ള സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്. കാലടി കളമ്പാട്ടുപുരത്ത് മരം കടപുഴകി വീണ് കുറിയേടം വര്‍ഗീസിന്‍റെ വീട് തകര്‍ന്നു. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ കൊച്ചി ഏലൂര്‍ വടക്കുംഭാഗത്ത് കൂറ്റന്‍ ആല്‍മരത്തിന്‍റെ ചില്ല ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനിയടക്കം രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. തലയ്ക് ഗുരുതരമായി പരുക്കേറ്റ പത്ത് വയസുകാരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊച്ചി കണ്ണമാലി,ചെറിയകടവ് ഭാഗങ്ങളിൽ കടലാക്രമണത്തിൽ രണ്ടു ദിവസത്തിനിടെ തകർന്നത് 10 വീടുകൾ. മുൻവർഷങ്ങളെക്കാൾ രൂക്ഷമായ കടൽക്ഷോഭമാണ് ഈ തീരദേശ മേഖലയിൽ അനുഭവപ്പെടുന്നത്.