toilet-pumb

TOPICS COVERED

സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്ന് ഹൈക്കോടതി. പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവർക്കായാണ് ശുചിമുറി. പൊതുജനങ്ങൾക്ക് പമ്പ് ഉപയോഗിക്കുന്നതിന് ഉടമകളെ നിർബന്ധിക്കരുതെന്ന് സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. 

പൊതുജനങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും ഏറെ തിരിച്ചടിയാകുന്നതാണ് ഹൈക്കോടതിയുടെ നടപടി. തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ പൊതുശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഇടക്കാല ഉത്തരവ്. പെട്രോള്‍ പമ്പുകളിലേത് പൊതുശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

പമ്പുകളിൽ പെട്രോളും ഡീസലും അടിക്കാൻ എത്തുന്നവർക്ക് അടിയന്തര സന്ദര്‍ഭത്തിൽ ഉപയോഗിക്കുന്നതിനാണ് ശുചിമുറിയെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ അത് പൊതുശുചിമുറിയാക്കണമെന്നാണ് സർക്കാരും തിരുവനന്തപുരം കോർപറേഷനും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. പൊതുജനങ്ങൾ ശുചിമുറി ഉപയോഗിക്കാൻ എത്തുകയും അത് പമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യുന്നു. ഏറെ അപകടസാധ്യത മേഖല കൂടിയായ പമ്പുകളിൽ പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ ഉടമകളെ നിർബന്ധിക്കാനാവില്ലെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി വ്യക്തമാക്കിയത്. നേരത്തെ, ശുചിമുറികൾ സംബന്ധിച്ച് സ്വച്ഛ് ഭാരത് മിഷന്റെ മാർഗനിർദേശങ്ങൾ  ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഹർജി അടുത്ത മാസം 17ന് കോടതി വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

The Kerala High Court has ruled that restrooms at private petrol pumps are meant only for customers refueling their vehicles. The court directed the state government not to compel pump owners to allow access to the general public.