ദേശീയപാത നിർമ്മാണ കമ്പനി മേഘ കൺസ്ട്രക്ഷന് വിലക്ക്. കാസർകോട് ന്യൂ ബേവിഞ്ചയിൽ കഴിഞ്ഞദിവസം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് നടപടി. മേഖല പുനർ നിർമ്മിക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതിയെയും ചുമതലപ്പെടുത്തി.

കേരളത്തിൽ കാസർകോട് ചെർക്കള മുതൽ കണ്ണൂർ തളിപ്പറമ്പ് വരെയുള്ള ഭാഗത്തെ ദേശീയപാത നിർമാണത്തിനാണ് മേഘ കൺസ്ട്രക്ഷൻ കരാർ എടുത്തത്. നിർമാണം നടക്കുന്നതും പൂർത്തിയായതുമായ മേഖലകളിൽ മഴ കനത്തതോടെ റോഡ് ഇടിഞ്ഞ് വീഴുന്ന സ്ഥിതി. പ്രതിഷേധം ശക്തമായെങ്കിലും കമ്പനിക്കെതിരെ നടപടികൾ ഒന്നുമുണ്ടായില്ല. അതിനിടെ കഴിഞ്ഞദിവസം ന്യൂ ബേവിഞ്ചയിൽ ദേശീയപാത സംരക്ഷണഭിത്തി തകർന്നതിന് പിന്നാലെയാണ് ദേശീയപാത അതോറിറ്റി കമ്പനിക്കെതിരെ നടപടി പ്രഖ്യാപിച്ചത്. 

അപകടത്തിന് പ്രധാന കാരണം നിർമാണത്തിലെ അശാസ്ത്രീയതയെന്നാണ് കണ്ടെത്തൽ. കൃത്യമായ ചെരിവ് സംരക്ഷണ രീതികളോ വെള്ളം ഒഴുകുന്നതിന് ഡ്രൈനേജ് സംവിധാനമോ ഏർപ്പെടുത്തിയിട്ടില്ല. നിർമാണ കമ്പനി മേഘാ കൺസ്ട്രക്ഷന്റെ ഈ ഗുരുതര വീഴ്ച ചൂണ്ടിക്കാണിച്ചാണ് ദേശീയപാതാ അതോറിറ്റി ഒരു വർഷത്തേക്ക് ടെൻഡറുകളിൽ പങ്കെടുക്കുന്നതിന് വിലക്കും പിഴയും ചുമത്തിയിരിക്കുന്നത്.

15 വർഷത്തേക്ക് റോഡിൻറെ പരിപാലന ചുമതലയും കമ്പനിക്കാണ്. ഇടിഞ്ഞ ഭാഗങ്ങൾ കമ്പനി തന്നെയാണ് പുനർ നിർമിക്കേണ്ടത്. എന്നാൽ ശാസ്ത്രീയമായി എങ്ങനെ നിർമിക്കാം എന്നത് പഠിക്കാൻ വിദഗ്ധസമിതിയെയും ദേശീയപാത അതോറിറ്റി ചുമതലപ്പെടുത്തി. നിലവിൽ കേരളത്തിലെ ദേശീയപാതാ നിർമാണം പഠിക്കുന്ന സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിട്ടയേർഡ് സയന്‍റിസ്റ്റ് കിഷോർ കുമാറിന്റെ അധ്യക്ഷതയിലുള്ള സമിതി സ്ഥലം സന്ദർശിച്ച റിപ്പോർട്ട് സമർപ്പിക്കും. 

ENGLISH SUMMARY:

Megha Construction has been banned for one year following a landslide in Kasaragod’s New Bavinchy. The National Highways Authority cites unscientific construction as the cause. An expert panel will oversee scientific reconstruction.