ഇടതുവശം: എല്‍.കെ.അദ്വാനിക്കൊപ്പം ബി.ജി.വര്‍ഗീസ്, വലതുവശം: ഇ.എം.എസ്.നമ്പൂതിരിപ്പാട്
നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പില്‍ ആളിപ്പടരുന്നത് ആര്‍എസ്എസ്–സിപിഎം സഹകരണ വിവാദമാണ്. "അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്ന്" സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയെ തിരുത്തി. ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളായ എല്‍.കെ അഡ്വാനിയുടെ നിര്‍ദേശപ്രകാരം സിപിഎമ്മിന്‍റെ സ്ഥാപകനേതാക്കളിലൊരാളായ ഇ.എം.എസിന്‍റെ സ്ഥാനാര്‍ഥിയായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ചരിത്രമുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത സംഭവം.
സംഗതി നടന്നത് എഴുപതുകളുടെ പകുതിയിലാണ്. പോരാട്ടച്ചൂട് നിറഞ്ഞ നിലമ്പൂരില്‍ നിന്ന് നമുക്ക് ഡല്‍ഹി വഴി മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് പോകാം. ടൈം മെഷീനില്‍ 48 വര്‍ഷം പുറകോട്ട്,1977. ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിച്ച അടിയന്തരാവസ്ഥയുടെ നാളുകളില്‍ നിന്ന് പ്രതീക്ഷയുടെ കാറ്റും വെളിച്ചവും കല്‍ത്തുറുങ്കുകളിലേയ്ക്ക് കയറിവരാന്‍ തുടങ്ങിയ കാലം. പൗരസ്വാതന്ത്ര്യത്തിന് വിലങ്ങുവീണ ഭീതിതമായ ഇരുപത്തിയൊന്ന് മാസങ്ങള്‍ക്ക് ശേഷം വിമോചനത്തിന് വഴിവെട്ടി പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം പോകുന്നു. ജനസംഘത്തിന്‍റെയും ഭാരതീയ ലോക് ദളിന്‍റെയും നേതാക്കളും സോഷ്യലിസ്റ്റുകളും സംഘടനാ കോണ്‍ഗ്രസുകാരും മൊറാര്‍ജി ദേശായിയുടെ വീട്ടില്‍ ഒത്തുകൂടി. ഇന്ത്യയെ ആകെ ഒരു ജയിലാക്കി മാറ്റിയ ഇന്ദിരാ ഗാന്ധി എന്ന പൊതുശത്രുവിനെതിരെ ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. സ്വന്തം പാര്‍ട്ടിയുടെ എല്ലാ അടയാളങ്ങളും ചാരമാക്കി ഗംഗയിലൊഴുക്കി. നദികള്‍ ഒന്നിച്ച് ഒരൊറ്റപ്രവാഹമായി ഒഴുകുക; ഇന്ദിരയ്ക്കെതിരെ.
അന്ന് ജനതാ പാര്‍ട്ടി നേതാവായിരുന്ന എല്‍.കെ. അഡ്വാനി പ്രമുഖ പത്രപ്രവര്‍ത്തകനായ ബി.ജി വര്‍ഗീസിനോട് കേരളത്തില്‍ നിന്ന് ലോക്സഭയിലേയ്ക്ക് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു. ബി.ജി. വര്‍ഗീസിന് ഒട്ടും താല്‍പര്യമില്ലായിരുന്നു. അതും കേരളത്തില്‍ നിന്ന്. എന്നാല്‍ ബി.ജി വര്‍ഗീസിനെപ്പോലെ ഒരാള്‍ പാര്‍ലമെന്‍റില്‍ എത്തേണ്ടത് ആവശ്യമാണെന്ന് അഡ്വാനി സ്നേഹപൂര്‍വം നിര്‍ബന്ധിച്ചു. ഒപ്പം ഒരു നിര്‍ദേശവും, "കേരളത്തില്‍ പോകൂ, ഇ.എം.എസിനെ കാണൂ, ബാക്കി കാര്യങ്ങള്‍ ഇ.എം.എസ് പറയും,'. പാര്‍ട്ടിഭേദങ്ങള്‍ മറന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി പൊതുസ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാനാണ് അന്ന് തീരുമാനിച്ചത്.
'പത്രപ്രവര്‍ത്തനമാണ് തന്‍റെ തട്ടകം, എഴുത്താണ് തന്‍റെ രാഷ്ട്രീയം,' ഇതായിരുന്നു ബി.ജി വര്‍ഗീസിന്‍റെ നിലപാട്. ബൈലൈനിലല്ലാതെ തന്‍റെ പേര് മറ്റൊരിടത്തും വരേണ്ടതില്ലെന്ന ലൈന്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തനിക്ക് പറ്റിയ പരിപാടിയല്ല എന്ന് സമീപനം. പോരാത്തതിന് മലയാളിയാണെങ്കിലും മലയാളം ശരിക്കും സംസാരിക്കാനും അറിയില്ല. ബൂബ്‍ളി ജോര്‍ജ് വര്‍ഗീസ് എന്ന ബി.ജി വര്‍ഗീസ്. തിരുവല്ലയിലാണ് കുടുംബവേരുകള്‍. ജനിച്ചത് ബര്‍മയില്‍. യുപിയിലും ഡല്‍ഹിയിലും കേംബ്രിജിലും പഠനം. രാജ്യതലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തന ജീവിതം. ഇതിനിടിയിലേയ്ക്ക് കേരളം കടന്നുവന്നിട്ടില്ല. എന്നാല്‍ നേതാക്കള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. സമ്മര്‍ദം ശക്തമായി. ഒടുവില്‍, ബി.ജി വര്‍ഗീസ് കൊച്ചിയിലേയ്ക്ക്.
അഡ്വാനിയുടെ നിര്‍ദേശപ്രകാരം ഇ.എം.എസിനെ കാണാന്‍ എത്തി. ഒന്നിച്ചു നില്‍ക്കേണ്ടതിന്‍റെ രാഷ്ട്രീയ ആവശ്യകത ഇ.എം.എസ് സ്വതസിദ്ധമായ ബൗദ്ധിക സൂക്ഷ്മതയോടെ വിശദീകരിച്ചു. ബി.ജി വര്‍ഗീസ് ഫ്ലാറ്റ്. പണമില്ല, മലയാളം അറിയില്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയ പരിചയമില്ല, കേരളത്തിന്‍റെ സ്വഭാവം അറിയില്ല... ആശങ്കകള്‍ ബി.ജി വര്‍ഗീസ് എണ്ണിയെണ്ണിപ്പറഞ്ഞു. പണം സമാഹരിക്കാമെന്ന് ഇ.എം.എസിന്‍റെ മറുപടി. ജനങ്ങളും തന്‍റെ പാര്‍ട്ടിയും കൂടെയുണ്ടാകുമെന്ന ഉറപ്പും. കുടുംബവീട് നില്‍ക്കുന്ന തിരുവല്ല ഉള്‍പ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ ഇ.എം.എസ് നിര്‍ദേശിച്ചു. ചിഹ്നം; സൈക്കിള്‍. താമസം; തിരുവല്ലയിലെ കുടുംബ വീട്ടില്‍. മുഖ്യ എതിരാളി കോണ്‍ഗ്രസിന്‍റെ ബി.കെ നായര്‍. ഒപ്പം എസ്.ആര്‍.പിയുടെ എന്ന പാര്‍ട്ടിയുടെ പ്രതിനിധിയായി കെ.ഗോപാലകൃഷ്ണനും. മുണ്ടും കുര്‍ത്തയും ധരിച്ച് ബി.ജി വര്‍ഗീസിന്‍റെ പ്രചാരണം. പ്രസംഗത്തിന്‍റെ തുടക്കത്തില്‍ കുറച്ച് മലയാളം വാചകങ്ങള്‍. പിന്നെ കത്തിക്കയറുന്നത് ഇംഗ്ലീഷില്‍. കൂടെ എപ്പോഴും പരിഭാഷകനും.
"അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ സഹകരണത്തെ ഇപ്പോള്‍ പലരും ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ജനാധിപത്യ ധ്വംസനത്തിന്‍റെ നാളുകള്‍ ഒരിക്കലും അവസാനിക്കില്ല എന്ന് കരുതിയിരുന്നു. പ്രധാനനേതാക്കളെല്ലാം ജയിലിലായിരുന്നു. അതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹിറ്റ്‍ലറിനെതിരെ സ്റ്റാലിനും ചര്‍ച്ചിലും റൂസ്‍വെല്‍റ്റും ഒന്നിച്ചതുപോലെ ഇന്ത്യയില്‍ പൊതുശത്രുവിനെതിരെ എല്ലാവരും ഒന്നിച്ചു. അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിപ്പിക്കണം എന്നതുമാത്രമായിരുന്നു ലക്ഷ്യം. അഡ്വാനിയുടെ ശുപാര്‍ശയില്‍ ഇ.എം.എസിന്‍റെ സ്ഥാനാര്‍ഥിയായി ബി.ജി വര്‍ഗീസ് എത്തിയതും വിശാലതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ആ പൊതുപോരാട്ടത്തിന്‍റെ ഭാഗമായിരുന്നു. പ്രചാരണത്തിന് ഇ.എം.എസ് അടക്കം പ്രമുഖ നേതാക്കളെല്ലാം എത്തി. മികച്ച രീതിയില്‍ പ്രചാരണം നടന്നു. ബി.ജി വര്‍ഗീസ് വിജയിക്കും എന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. വിജയിച്ചാല്‍ ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുമെന്നത് ഉറപ്പായിരുന്നു." മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍ ഓര്‍ക്കുന്നു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് കടപുഴകി വീണ ആ തിരഞ്ഞെടുപ്പില്‍ പക്ഷെ, കേരളത്തില്‍ ഫലം മറിച്ചായിരുന്നു. മാവേലിക്കരയില്‍ കോണ്‍ഗ്രസിന്‍റെ ബി.കെ നായര്‍ വിജയിച്ചു. ബി.കെ നായര്‍ക്ക് 2,38,169 വോട്ടും ബി.ജി വര്‍ഗീസിന് 1,81,617 വോട്ടും കെ. ഗോപാലകൃഷ്ണന് 24,450 വോട്ടും കിട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിരിച്ച ഫണ്ടില്‍ നിന്ന് അനുവദനീയമായ തുക മാത്രം ചെലവാക്കി ബാക്കി തുക കൊണ്ട് ബി.ജി വര്‍ഗീസ് ഡല്‍ഹിയില്‍ പത്രസ്വാതന്ത്ര്യത്തിനായി മീഡിയാ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായി പിന്നീട് കടുത്ത വിമര്‍ശകനായി മാറിയ വ്യക്തിയാണ് ബി.ജി വര്‍ഗീസ്. 1927 ജൂണ്‍ 21ന് ജനനം. ടൈംസ് ഓഫ് ഇന്ത്യയിലൂടെ മാധ്യമ പ്രവര്‍ത്തനം തുടങ്ങി. ദ് ഇന്ത്യന്‍ എക്സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും പ്രവര്‍ത്തിച്ചു. 1966–69 ഇന്ദിരയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. ഇന്ദിരയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കിയിരുന്നതും വര്‍ഗീസ് ആയിരുന്നു. പിന്നീട് ഇന്ദിരയുമായി ഇടഞ്ഞു. സഞ്ജയ് ഗാന്ധിക്കെതിരായ ആരോപണങ്ങളിലായിരുന്നു തുടക്കം. റമണ്‍ മാഗ്‍സസെ പുരസ്ക്കാരം നേടി. 'ഫസ്റ്റ് ഡ്രാഫ്റ്റ്: വിറ്റ്നസ് ടു മെയ്ക്കിങ് ഓഫ് മോഡേണ്‍ ഇന്ത്യ' ആത്മകഥാപരമായ രചനയാണ്.