അഖില്‍ പി ധര്‍മ്മജന്‍ എഴുതിയ റാം C/O ആനന്ദി എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി എഴുത്തുകാര്‍. മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം എന്നാണ് ഇന്ദു മേനോന്‍റെ വിമര്‍ശനം. പറങ്ങോടി പരിണയം മലയാളസാഹിത്യത്തിന്റെ മുഖമായി വയ്ക്കാമെന്നും ഇന്ദു പറയുന്നു.
ഇന്ത്യയിൽ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പൾപ്പ് ഫിക്ഷനാണ് എന്നത് അല്‍ഭുതപ്പെടുത്തുന്നേയില്ലെന്നും സാഹിത്യത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആദ്യത്തെ പടി പുരസ്കാരവിധിനിര്‍ണ്ണയനങ്ങളിലൂടെയും മറ്റും പള്‍പ്പു കൃതികളെയും മതാധിഷ്ഠിതകൃതികളെയും പ്രതിസ്ഥാപിക്കുകയും അപചയിച്ച ഭാവുകത്വത്തെ നിര്‍മ്മിക്കുകയും ആയിരിക്കണമെന്നും ഇന്ദു തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ലിറ്റററിഫിക്ഷൻ ഇനി ഒന്നിനും ആവശ്യമില്ല ധാരാളമായി വിറ്റുപോകുന്ന പൾപ്പ് ഫിക്ഷനാണ് ഇനിയത്തെ കാലം. മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം.
പറങ്ങോടി പരിണയം മലയാളസാഹിത്യത്തിന്റെ മുഖമായി ഇനി നമുക്ക് വയ്ക്കാം. ഇന്ത്യയിൽ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പൾപ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നേയില്ല.
വി വിജയകുമാർ സാർ കൃത്യമായി പറഞ്ഞിരിക്കുന്നു. മൃദുലിന്‍റെ കഥയ്ക്കും ദുര്‍ഗ്ഗാപ്രസാദിന്‍റെ കവിതയ്ക്കും മേലെ ഒരു പള്‍പ്പു നോവലിനെ പുരസ്കരിക്കുന്ന സാഹിതീയഭാവുകത്വമാണ് കേന്ദ്രസാഹിത്യഅക്കാദമിയുടെ വിധികര്‍ത്താക്കള്‍ക്കുള്ളത്.
സാഹിത്യത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആദ്യത്തെ പടി പുരസ്കാരവിധി നിര്‍ണ്ണയനങ്ങളിലൂടെയും മറ്റും പള്‍പ്പു കൃതികളെയും മതാധിഷ്ഠിതകൃതികളെയും പ്രതിസ്ഥാപിക്കുകയും അപചയിച്ച ഭാവുകത്വത്തെ നിര്‍മ്മിക്കുകയും ആയിരിക്കണം!! റാം നിങ്ങൾ കരുതുന്ന അഭിനവരാമൻ അല്ല ചങ്ങായിമാരെ
നബി : ജൂറിയായി ഇരിക്കുന്നവരുടെ പേര് താഴെ നൽകുന്നു ഇവർ ആരാണെന്നും എന്താണെന്നും വല്ല പിടിപാടും ഉണ്ടോ
മലയാളം; സുശ്രീ എ.ജി. ഒലീന, ഡോ. വി. രാജീവ്, ഡോ. ശ്രീവൃന്ദ നായർ എൻ