എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥികൾക്ക് ഫെലോഷിപ്പ് തുക നൽകിയിട്ട് രണ്ടര വർഷം പിന്നിടുന്നു. ഇരുന്നൂറ്റി നാൽപതോളം വിദ്യാർഥികളാണ് മാസംതോറും ലഭിക്കാനുള്ള തുകയ്ക്കായി കാത്തിരിക്കുന്നത്.
ലക്ഷങ്ങൾ മുടക്കി വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനായി ചേക്കേറുന്നതിനെ വിമർശിക്കുന്ന ഭരണാധികാരികൾ നമ്മുടെ നാട്ടിലെ വിദ്യാർഥികൾ നേരിടുന്ന അടിസ്ഥാന പ്രശ്നം പോലും പരിഹരിക്കുന്നില്ല. ഓരോ മാസവും ലഭിക്കാനുള്ള ഫെലോഷിപ്പ് തുകയ്ക്കായി രണ്ടര വർഷമായി കാത്തിരിക്കുകയാണ് എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥികൾ. ക്യാമ്പസിലും, വിവിധ കോളജുകളിലുമായി ഇരുനൂറ്റി നാൽപത് പേർക്ക് ഫെലോഷിപ്പ് ലഭിക്കുന്നില്ല എന്നാണ് വിദ്യാർഥികൾ പറയുന്നത്.
പന്ത്രണ്ടായിരം രൂപയാണ് ഒരുമാസം വിദ്യാർഥിക്ക് സർവകലാശാല നൽകേണ്ടത്. ഇതിനായി നടപ്പുസാമ്പത്തികവർഷം അഞ്ചുകോടി രൂപയാണ് സർക്കാരിൽനിന്ന് സർവകലാശാലയ്ക്ക് അനുവദിക്കേണ്ടത്. തുക രേഖാമൂലം ഉണ്ടെങ്കിലും വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല. പലതവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് എഐഎസ്എഫ് നേതൃത്വത്തിൽ സർവകലാശാലയിലേക്ക് മാർച്ച് നടത്തി
ഫെലോഷിപ്പ് തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് കാലടി സംസ്കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയുടെ പരാതിയിൽ ഹൈക്കോടതി നിർദേശം നൽകിയതാണ്. നേരത്തെ എസ്എഫ്ഐയും ഇതേ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു.