സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവ്. 5 ലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർബോട്ടിൽ അടക്കമുള്ളവ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും നിരോധിച്ചു. നദികളിലും കനാലുകളിലും കായലുകളിലും ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ സർക്കാരും തദ്ദേശസ്ഥാപനങ്ങളും സ്ഥിരമായി ശേഖരിക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.
മലയോര വിനോദ സഞ്ചാര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗം തടഞ്ഞാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശം. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ല. രണ്ട് ലിറ്ററില്‍ താഴെയുള്ള ശീതള പാനീയക്കുപ്പികള്‍ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററില്‍ താഴെയുള്ള വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനും തിരക്കുള്ള മലയോര വിനോദസഞ്ചാര മേഖലയിൽ വിലക്ക് വരും.
5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ, രണ്ടു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് സോഫ്റ്റ് ഡ്രിങ്ക് ബോട്ടിൽ, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് കത്തി, സ്പൂൺ തുടങ്ങിയവ എല്ലാ വിവാഹങ്ങളിലും ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവയിലും നിരോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതേ നിരോധനം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ബാധകമായിരിക്കും. നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. നിരോധിത മേഖലകളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെള്ളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. വരുന്ന ഗാന്ധിജയന്തി ദിനം മുതല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിൽ വരും. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഭരണഘടനാ ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. വന്ദേഭാരത് ട്രെയിനില്‍ നല്‍കുന്ന വെള്ളത്തിന്റെ കുപ്പികള്‍ തിരുവനന്തപുരം വേളിയില്‍ ഉപേക്ഷിച്ചതിൽ റെയിൽവെയെ കോടതി വിമർശിച്ചു.