വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനിടെ ഒഴുകില്‍പ്പെട്ട് രണ്ടര വയസുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. കാസര്‍കോടും കോഴിക്കോടും വനമേഖലകളിലെ കുന്നുകളില്‍ വിള്ളല്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പില്‍ ദേശീയപാത നിര്‍മ്മാണ മേഖലയില്‍നിന്ന് ചളിയും വെള്ളവും വീടുകളിലേക്ക് ഒലിച്ചിറങ്ങി.
കോഴിക്കോട് അന്നശേരിയിലാണ് രണ്ടര വയസുകാരി വീടിന് സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. നിഖില്‍- വൈഷ്ണവി ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടില്‍ വീണത്. മൃതദേഹം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. കൂടരഞ്ഞി വനമേഖലയിലെ കുന്നില്‍ വിള്ളല്‍ കണ്ടെത്തി. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. വളയത്ത് വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. നഗരത്തില്‍ നിന്നും മെഡിക്കല്‍ കോളജിലേക്കുള്ള റോഡില്‍ കോട്ടൂളിയില്‍ വെള്ളം കയറി.
കാസര്‍കോട് കൂഡല്ലൂര്‍ സ്വദേശി ഭവാനി വീടിനുസമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. ചെറുവത്തൂരില്‍ അംബേദ്കര്‍ ഉന്നതിയ്ക്ക് സമീപം കുളനാട് മലയില്‍ വിള്ളല്‍ അനുഭവപ്പെട്ടു. നാല് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കണ്ണൂരില്‍ കൊട്ടിയൂര്‍ പുഴയില്‍ കാണാതായ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിന്‍റെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം നടുവില്‍ റോഡിലെ താത്കാലിക പാലങ്ങള്‍ രണ്ടാം തവണയും തകര്‍ന്നു. തളിപ്പറമ്പില്‍ ദേശീയപാത നിര്‍മ്മാണ മേഖലയില്‍ നിന്ന് വലിയ തോതില്‍ ചളിയും വെള്ളവും സമീപത്തെ വീടുകളിലേക്ക് ഒഴുകി. കാക്കത്തോട് ബസ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വയനാട് ബാണാസുര സാഗര്‍ ഡാമില്‍ ബ്ലൂഅലര്‍ട്ട് പ്രഖ്യാപിച്ചു.