കേരളത്തിന്‍റെ അഭിമാനമായിരുന്ന ശംഖുമുഖം ബീച്ച് വീണ്ടും പൂര്‍ണമായും കടലെടുത്തു. ഒാരോ തവണ ബീച്ച് തകരുമ്പോഴും ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മഴക്കാലത്ത് കടലെടുക്കുന്നതാണ് ശംഖുമുഖം ബീച്ചിലെ കാഴ്ച. അടിക്കടി ബീച്ച് തകരുന്നതിന്‍റെ കാരണം പഠിക്കാനോ ശാസ്ത്രീയ പുനര്‍നിര്‍മാണം നടത്താനോ സര്‍ക്കാരോ ടൂറിസം വകുപ്പോ മെനക്കെട്ടിട്ടില്ല.
കാറ്റേറ്റും കാഴ്ചകള്‍ കണ്ടും ജീവിതം ആസ്വദിക്കാന്‍ ഒരുനാളില്‍ കേരളമൊഴുകിയെത്തിയ തീരമായിരുന്നു ശംഖുമുഖം. നാനൂറ് മീറ്ററോളം ഉണ്ടായിരുന്ന തീരം മുഴുവന്‍ കടല്‍ കാര്‍ന്നു കൊണ്ടുപോയ കാഴ്ചയാണ് ബാക്കി. ശ്രീപദ്മമനാഭ സ്വാമി ക്ഷേത്രം വക ആറാട്ടുമണ്ഡപത്തിന് തൊട്ടടുത്തുവരെ കടല്‍ കേറിയെത്തി. തീരംഭംഗി ആസ്വദിച്ചിരുന്ന ഇരിപ്പിടങ്ങളെല്ലാം തകര്‍ന്നതോടെ തിരയില്‍പെട്ട് മറിഞ്ഞ് കിടക്കുന്ന വളളങ്ങളെ ബഞ്ചുകളാക്കി സഞ്ചാരികള്‍. ശംഖുമുഖം ബീച്ചും വിമാനത്താവളത്തിലേയ്ക്കുളള റോഡും പൂര്‍ണമായും തകര്‍ന്നത് 2021 ലായിരുന്നു. മാസങ്ങള്‍ക്കുശേഷം നന്നാക്കിയ റോഡും സംരക്ഷണ ഭിത്തിയും അതുപോലുണ്ട്. 4.89 കോടിയായിരുന്നപ ചെലവ്. ബാക്കി ഭാഗത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പാഴ്വേലയായി.
സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതോടെ ബീച്ചിനോട് അനുബന്ധിച്ചുളള കച്ചവടക്കാരുടെ വരുമാനവും നിലച്ചു. ഫൈബര്‍ ട്യൂബുകളില്‍ മണല്‍ നിറച്ചിട്ട് തിരകളുടെ ശക്തി കുറയ്ക്കുന്ന പദ്ധതിയും കടല്‍ഭിത്തി കെട്ടുന്ന പദ്ധതിയുമെല്ലാം തിരയെടുത്തു. ഓരോ തവണ ബീച്ച് തകരുമ്പോഴും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മുറതെറ്റാതെയെത്തി എല്ലാം ശരിയാക്കുമെന്ന് പറയും. വിഴിഞ്ഞം പദ്ധതി തീരശോഷത്തിന് പ്രധാന കാരണമാണെന്നും പരിഹാര മാര്‍ഗങ്ങള്‍ വേണമെന്നുമുളള മത്സ്യത്തൊഴിലാളികളുടെ ആവശ്യവും അവഗണിച്ചു. എന്തുതരം ഇടപെടലും തീരത്ത് നടത്തുന്നതിന് മുമ്പ് നടത്തേണ്ട ശാസ്ത്ീയ പഠനങ്ങള്‍ ഒരു ഘട്ടത്തിലും നടത്തിയിട്ടില്ല