ആറന്മുളയില്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച ഭൂമിയില്‍ പുതിയ ഐടി പദ്ധതിക്ക് കെജീസ് ഗ്രൂപ്പിന്‍റെ നീക്കം. ഇതിനായി ഭൂപരിഷ്ക്കരണ ചട്ടങ്ങളില്‍ ഉള്‍പ്പടെ ഇളവ് തേടി ഐടിവകുപ്പിന് അപേക്ഷനല്‍കി. പദ്ധതിയോട് കൃഷിവകുപ്പ് എതിര്‍പ്പ് അറിയിച്ചതോടെ വീണ്ടും ഭൂമി വിവാദത്തിലായി.
വിമാനത്താളം പദ്ധതി ഉപേക്ഷിച്ച കെജീസ് ഗ്രൂപ്പിന്‍റെ 344 ഏക്കര്‍ ഭൂമിയില്‍ ഇലക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിക്ക് കഴിഞ്ഞ ജൂണിലാണ് അപേക്ഷ നല്‍കിയത് . ഭൂപരിഷ്കരണ ചട്ടങ്ങളില്‍ ഉള്‍പ്പടെ ഇളവ് തേടി ജില്ലാ കലക്ടര്‍ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അവിടെ നിന്ന് കൃഷിവകുപ്പിനും കത്ത് നല്‍കി. 90 ശതമാനം നിലമുള്ള പ്രദേശത്താണ് ഇലക്ട്രോണിക് ക്ലസ്റ്റര്‍ പദ്ധതിക്ക് അനുമതി തേടിയത്. നിലം നികത്തിയാല്‍ വെള്ളക്കെട്ട് ഉണ്ടാവുമെന്ന് കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കെജീസ് പത്തനംത്തിട്ട ഇന്‍ഫ്രാ ലിമിറ്റഡ് എന്ന കമ്പനി TOFL എന്ന പേരിലേക്ക് മാറിയിട്ടുണ്ടെന്ന് ജില്ലാ കലക്ടറുടെ കത്തില്‍ സൂചിപ്പിക്കുന്നു. പദ്ധതിക്കായി അപേക്ഷ നല്‍കിയ ഭൂമിയില്‍ മിച്ചഭൂമിക്കേസില്‍ ഉള്‍പ്പട്ട ഭൂമിയുമുണ്ട്. നിലം നികത്തി പദ്ധതി സാദ്ധ്യമല്ലെന്നും കരഭൂമിയില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യാമെന്നും സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു
ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരിക്കല്‍ വിമാനത്താവള പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതേ സ്ഥലത്ത് പുതിയ പദ്ധതിക്ക് അനുകൂലമായ സമീപനം കൃഷിവകുപ്പിനെ മറികടന്ന് സര്‍ക്കാരില്‍ നിന്നും ഉണ്ടാവുമോ എന്നതില്‍ വ്യക്തതയില്ല