പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മല്‍സരം മുറുകുന്നു. 30 വര്‍ഷ സര്‍വീസ് ഇല്ലാത്തതിനാല്‍ എം.ആര്‍.അജിത്കുമാറിനെ കേന്ദ്രം ഒഴിവാക്കിയേക്കും. പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ റവാഡാ ചന്ദ്രശേഖര്‍ നാളെ മുഖ്യമന്ത്രിയെ കാണും. നിര്‍ണായക യു.പി.എസ്.സി യോഗം ഈ ആഴ്ച അവസാനം ചേരും.

പൊലീസിന്‍റെ തലപ്പത്തെത്താനുള്ള എം.ആര്‍.അജിത് കുമാറിന്‍റെ മോഹത്തിന് കനത്ത തിരിച്ചടി. സംസ്ഥാനത്തിന്‍റെ പട്ടികയില്‍ ആറാം റാങ്കുകാരനായി അജിത്കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിഗണിക്കാനാവില്ലെന്നാണ് യു.പി.എസ്.സി നിലപാട്. 30 വര്‍ഷ സര്‍വീസും ഡി.ജി.പി റാങ്കുമുള്ളവരെ മാത്രമേ പരിഗണിക്കൂവെന്ന് സംസ്ഥാനത്തെ അറിയിച്ചു. 

അതോടെ 29 വര്‍ഷ സര്‍വീസും എ.ഡി.ജി.പി റാങ്കുമുള്ള അജിത്കുമാറും സുരേഷ് രാജ് പുരോഹിതും പുറത്താകും. എന്നാല്‍ 30 വര്‍ഷം തികയാന്‍ ഏതാനും മാസം മാത്രം അവശേഷിക്കുന്ന ഇവരേയും പരിഗണിക്കണമെന്ന് ആവശ്യപ്പെടാണ് സംസ്ഥാനത്തിന്‍റെ ആലോചന. അത് അംഗീകരിച്ചില്ലങ്കില്‍ യു.പി.എസ്.സി പരിഗണിക്കുന്ന പട്ടികയില്‍ നിതിന്‍ അഗര്‍വാള്‍, റവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം എന്നീ നാല് പേരായി ചുരുങ്ങും.

കേന്ദ്രത്തില്‍ സെക്യൂരിറ്റി സെക്രട്ടറി എന്ന പുതിയ പദവിയില്‍ നിയമനം കിട്ടിയ റവാഡാ ചന്ദ്രശേഖറുടെ തീരുമാനമാണ് നിര്‍ണായകം. കേന്ദ്ര പദവി സ്വീകരിച്ച് അദേഹം കേരളത്തിലേക്കില്ലന്ന് അറിയിച്ചാല്‍ മനോജ് എബ്രഹാം അന്തിമപട്ടികയില്‍ വരും. എന്നാല്‍ കേന്ദ്രത്തിലേതിനേക്കാള്‍ സംസ്ഥാന പൊലീസ് മേധാവി പദവിയോടാണ് താല്‍പര്യമെന്നാണ് റവാഡ പലരേയും അറിയിച്ചിരിക്കുന്നത്. അതിനിടെ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അദേഹം നാളെ സമയവും തേടിയിട്ടുണ്ട്. 

ENGLISH SUMMARY:

Ajith Kumar may be removed from the list of police chief appointments