ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയതിന്‍റെ കാരണം ഇന്നറിയാം. മുംബൈയില്‍ അറസ്റ്റിലായ ബന്ധുവായ യുവതിയെ ഇന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി ഓഫിസില്‍ ചോദ്യംചെയ്യും.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയത് മരുമകളുടെ സഹോദരി ലിവിയ ജോസ് ആണ്. എന്തിന് കുടുക്കി?. ആര്‍ക്കായിരുന്നു ശത്രുത? ആരുടേതായിരുന്നു പ്ലാന്‍? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്നത്തോടെ അറിയാം. ഷീല സണ്ണിയും ബാഗിലും സ്കൂട്ടറിലും വ്യാജ ലഹരി സ്റ്റാംപ് വച്ചത് ലിവിയായിരുന്നു. എക്സൈസിനെ വിളിച്ച് ഇതു ലഹരി സ്റ്റാംപാണെന്ന് പറഞ്ഞത് ലിവിയയുടെ സുഹൃത്ത് നാരായണദാസും. ലഹരി സ്റ്റാംപ് കാശു കൊടുത്ത് വാങ്ങിയത് ആഫ്രിക്കക്കാരനില്‍ നിന്നായിരുന്നു. പണം വാങ്ങിയ ശേഷം ലഹരി സ്റ്റാംപിന്‍റെ പ്രിന്‍റൗട്ടെടുത്ത് ആഫ്രിക്കക്കാരന്‍ നല്‍കിയതാകാം. അതുക്കൊണ്ട്, കള്ളക്കേസ് പൊളിഞ്ഞു. ബംഗ്ലുരുവില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് പഠിക്കുന്ന ലിവിയ ഷീല സണ്ണിയുടെ ഫ്ളാറ്റില്‍ ഇടയ്ക്കിടെ വന്ന് താമസിക്കാറുണ്ട്. എക്സൈസ് പിടികൂടിയതിന്‍റെ തലേന്നും ലിവിയ ഷീലയുടെ ഒപ്പം താമസിച്ചിരുന്നു. ഷീലയുടെ മരുമകള്‍ക്കു വേണ്ടിയാണോ കള്ളക്കേസില്‍ കുടുക്കിയത്. മരുമകള്‍ക്ക് അമ്മായിയമ്മയോടുള്ള പകയാണോ കള്ളക്കേസിനു കാരണം. പൊലീസിന്‍റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പതറാതെ ലിവിയ മറുപടി പറയേണ്ടി വരും. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി : .വി.കെ.രാജുവാണ് ലിവിയയെ ചോദ്യംചെയ്യുന്നത്. ദുബൈയില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.