സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന മഴയെത്തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. വ്യാപക നാശനഷ്ടങ്ങളും ഉണ്ടായി. ആലപ്പുഴ പുന്നമട രാജീവ് ബോട്ട് ജെട്ടിക്ക് സമീപം കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. പത്തനംതിട്ട കോ കോന്നിയില്‍ ബൈക്ക് തോട്ടില്‍ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.
തത്തംപള്ളി സ്വദേശി കുട്ടിച്ചിറ ബിജോയി ആൻ്റണി ആണ് ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. റോഡിൽ വളവായതിനാൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. മെഡിക്കല്‍ സ്റ്റോര്‍ ഉടമ അതിരുങ്കല്‍ സ്വദേശി പ്രവീണ്‍ ആണ് കോന്നിയില്‍ ബൈക്ക് തോട്ടില്‍ വീണ് മരിച്ചത്. കണ്ണൂര്‍ അഴീക്കോട് ആയനിവയൽ കുളത്തിൽ നീന്തുന്നതിനിടെ യുവാവിനെ കാണാതായി. മാട്ടൂൽ സ്വദേശി ഇസ്മായിലിനായി തിരച്ചിൽ തുടരുകയാണ്. കണ്ണൂർ തളാപ്പിൽ തട്ടാരത്ത് സജിതയുടെ വീടിൻ്റെ അടുക്കള തകർന്നു. വീട്ടുസാധനങ്ങൾ നശിച്ചു. വീടിന് 50 വർഷത്തിലധികം പഴക്കമുണ്ട്. കൊട്ടിയൂർ ബാവലി പുഴയിലെ തടയണ പൊട്ടി. കൊട്ടിയൂർ അമ്പലത്തിൽ ഉത്സവത്തിനെത്തുന്നവർ കുളിക്കുന്ന പുഴയിൽ സ്ഥാപിച്ച തടയണയാണിത്. പുഴയിൽ ഒഴുക്ക് വർദ്ധിച്ചു. കോഴിക്കോട് കള്ളിക്കുന്നില്‍ വീടിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു. കരിങ്കല്‍ക്കെട്ട് 15 മീറ്ററോളമാണ് തകര്‍ന്നത്. ആളപായമില്ല. കാസർകോട് നീലേശ്വരത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടപ്പുറം അച്ചാംതുരുത്തി റോഡിൽ ഒട്ടേറെ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു. മന്നംപുറം ദേശീയപാത റോഡിൽ മരം വീണ് ഗതാഗതം നിലച്ചു. മേഖലയിൽ ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. വെള്ളരിക്കുണ്ട് കാറ്റാംകവലയിൽ മലയുടെ അടിവാരത്ത് നിന്ന് വെള്ളം പൊട്ടിയൊലിച്ചതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോട്ടയം ചുങ്കം പാലത്തിനു സമീപം വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.
കൊച്ചി നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ഇടപ്പള്ളി ടോള്‍ ജംക്ഷനിലടക്കം വെള്ളക്കെട്ട് തുടരുകയാണ്. മലയോരമേഖലയിലും മഴ ശക്തമായി തുടരുന്നു. കടലാക്രമണം രൂക്ഷമായ തീരദേശവും ജാഗ്രതയിലാണ്.