കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഖത്തർ എയർവേസ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖത്തറിൽ നിന്ന് വിനോദ സഞ്ചാരത്തിനായി കെനിയയിലേക്ക് പോയ 28 അംഗ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്.
രാവിലെ ഒമ്പതു മണിയോടെയാണ് കെനിയയിൽ നിന്ന് മൃതദേഹങ്ങൾ വഹിച്ചുള്ള ഖത്തർ എയർവേസ് വിമാനം
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. മൂവാറ്റുപുഴ സ്വദേശിനി ജസ്ന , മകൾ റൂഹി മെഹ്റിൻ , മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക്, പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ , മകൾ ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഒൻപതെ മുക്കാലിന്
മൃതദേഹങ്ങൾ വിമാനത്താവളത്തിന് പുറത്തെത്തിച്ചു.
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് വിമാനത്താവളത്തിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു.
മരണപ്പെട്ടവരുടെ ബന്ധുക്കളും ഉറ്റവരുടെ മൃതദേഹങ്ങൾക്കൊപ്പം നാട്ടിലെത്തി. അപകടത്തിൽ പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റും. മൃതദേഹങ്ങൾക്ക് ഒപ്പം അനുഗമിക്കുന്ന ബന്ധുക്കൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചിരുന്നു.
ജസ്നയുടെയും മകൾ റൂഹി മെഹ്റിന്റെയും സംസ്കാരം പെഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ വെച്ച് നടന്നു. റിയ ആൻ , മകൾ ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങൾ പാലക്കാട് മണ്ണൂരിലെ വീട്ടിൽ എത്തിച്ച ശേഷം കോയമ്പത്തൂരിലെ ഭർതൃഭവനത്തിലേക്ക് കൊണ്ടുപോകും. ഗീത ഷോജി ഐസക്കിന്റെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച പാലാരിവട്ടത്തെ മാർത്തോമ പള്ളിയിൽ വെച്ചാണ് സംസ്കാരം.