നിലമ്പൂർ പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ അരയും തലയും മുറുക്കി മുസ്‍ലിം ലീഗ്. ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ പാണക്കാട് സാദിഖലി തങ്ങളും പ്രചാരണ പോരാട്ട കളത്തിലേക്ക് ഇറങ്ങിയതോടെ യുഡിഎഫ് ക്യാംപിൽ ആത്മവിശ്വാസം കുടി. പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയ സാദിഖലി തങ്ങൾ മറ്റുള്ളവർ ലൂസേഴ്സ് ഫൈനൽ കളിക്കാൻ വേണ്ടി മത്സരിക്കുകയാണെന്ന് പരിഹസിച്ചു.
പാടിക്കുന്നിലെ ചെറിയ കുടുംബ യോഗത്തിൽ പാണക്കാട് സാദിഖലി തങ്ങൾ എത്തി. എല്ലാം ശക്തിയും സംഭരിച്ചുള്ള ലീഗിന്‍റെ പ്രചാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ സാദിഖലി തങ്ങൾ നയം വ്യക്തമാക്കി. അതേ ലീഗിനിത് അഭിമാന പോരാട്ടമാണ്.
മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് പറയാൻ മലപ്പുറത്ത് ഏറ്റവും നന്നായി തിരിയുന്ന ഫുട്ബോളിന്‍റെ ഭാഷ തന്നെ സാദിഖലി തങ്ങൾ കടമെടുത്തു. നടക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പെന്ന ഫൈനലിന് മുന്‍പുള്ള സെമിഫൈനലെന്ന് മറുപടി. വെൽഫയർ പാർട്ടി പിന്തുണ സിപിഎം ആയുധമാക്കുമ്പോൾ വേവലാതി വേണ്ടെന്ന് പറയുകയാണ് സാദിഖലി തങ്ങൾ.