എം ഡി എം എ കേസില്‍ 151 ദിവസത്തെ ജയില്‍വാസത്തിനുശേഷം നിരപരാധികളെന്ന് കണ്ടെത്തി വിട്ടയച്ച യുവാക്കളെ പറ്റിച്ചത് ബെംഗളൂരുവിലെ ലഹരി മാഫിയയെന്ന് പൊലീസിന്റ അന്വേഷണറിപ്പോര്‍ട്ട്. എം ഡി എം എ എന്ന് പറഞ്ഞ് യുവാക്കള്‍ക്ക് നല്‍കിയത് കല്‍ക്കണ്ട ഇനത്തില്‍പെട്ട സുക്രോസ് എന്ന പദാര്‍ഥം. കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കോഴിക്കോട് നാര്‍ക്കോട്ടിക്സ് വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണര്‍ എ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 26 നാണ് കണ്ണൂര്‍ സ്വദേശി മണികണ്ഠനേയും , കാസര്‍കോട് സ്വദേശി ബിജുവിനേയും നടക്കാവ് പൊലീസ് 58 ഗ്രാം എംഡിഎംഎ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. രാസപരിശോധനഫലത്തില്‍ പിടിച്ചെടുത്തത് കല്‍ക്കണ്ടമാണന്ന് സ്ഥിരീകരിച്ചതോടെ ഏപ്രില്‍ 24 ന് വിട്ടയച്ചു. പൊലീസ് മനപൂര്‍വം കള്ളക്കേസില്‍ കുടുക്കിയതാണെന്ന യുവാക്കളുടെ പരാതി മനോരമ ന്യൂസ് പുറത്തുവിട്ടതോടെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിലെ കണ്ടെത്തല്‍ ഇങ്ങനെ–യുവാക്കളില്‍ നിന്ന് പിടിച്ചെടുത്തത് കല്‍ക്കണ്ട ഇനത്തില്‍ പെട്ട സുക്രോസ് എന്ന പദാര്‍ഥമാണ്. ബെംഗളൂരുവിലെ ലഹരിമാഫിയ സംഘം എംഡിഎംഎ എന്ന് പറഞ്ഞ് ഇവര്‍ക്ക് കൈമാറിയത് ഈ സുക്രോസാണ്.
പൊലീസ് ചോദ്യം ചെയ്തപ്പോഴോ, പിന്നീട് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോഴോ ഇത് എംഡിഎംഎ അല്ലെന്ന് യുവാക്കള്‍ പറഞ്ഞിട്ടില്ല. മൂന്ന് തവണ ജാമ്യാപേക്ഷ നല്‍കിയപ്പോഴും അതിലൊന്നും കൈവശമുണ്ടായിരുന്നത് രാസലഹരിയല്ലെന്ന് പറയുന്നില്ല. അതായത് രാസപരിശോധനഫലം വന്നപ്പോഴാണ് യുവാക്കളും തങ്ങള്‍ പറ്റിക്കപ്പെട്ട കാര്യം അറിഞ്ഞതെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരിവില്‍പ്പനക്കാരുമായി യുവാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ തെളിവുകളുമുണ്ട്.
രാസപരിശോധനഫലം വന്നപ്പോള്‍ തന്നെ യുവാക്കളെ ജയില്‍മോചിതരാക്കി. അതുകൊണ്ടുതന്നെ പൊലീസിന് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.എ.ബോസ് എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.