കായംകുളം കൊറ്റുകുളങ്ങരയിൽ നിർമാണത്തിലിരിക്കുന്ന ദേശീയ പാതയുടെ ഒരു ഭാഗം മഴയിൽ ഒലിച്ചുപോയി. മണ്ണിട്ട് ഉയർത്തിയ ഭാഗമാണ് ഒലിച്ചുപോയത് .മണ്ണ് ഒലിച്ചുപോയ സ്ഥലത്ത് അപകട സാധ്യത ഉയർത്തി ഇപ്പോഴും വലിയ കുഴിയുണ്ട്.
കൊറ്റുകുളങ്ങര ഭാഗത്ത് റോഡ് നിർമാണത്തിന് മണ്ണിട്ട് ഉയർത്തിയിരുന്നു. ഇതിന്‍റെ ഒരു ഭാഗമാണ് കനത്ത മഴയിൽ ഒലിച്ചു പോയത്.മണ്ണ് ഒലിച്ചു പോയ ഈ ഭാഗത്ത് ലോറിയും താഴ്ന്നിരുന്നു. വാഹനങ്ങൾ കടന്നു പോകുന്നത് വലിയ കുഴിയിലൂടെയാണെന്ന് നാട്ടുകാർ പറയുന്നു.വെള്ളക്കെട്ടായതിനാൽ കുഴി കാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശമായതിനാൽ മണ്ണിട്ട് ഉയർത്തിയാലും വീണ്ടും ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ ഉയരപ്പാത വേണമെന്നുള്ള ആവശ്യം ആദ്യം മുതൽ നാട്ടുകാർ ഉയർത്തിയിരുന്നെങ്കിലും അത് പരിഗണിക്കാതെയാണ് നിർമാണ ജോലികൾ നടത്തിയിരുന്നത്.
അപകടമുണ്ടായ ശേഷം ഒരു വാണിങ്ങ് ടേപ്പ് വലിച്ചു കെട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്. അപകട സാധ്യത ഒഴിവാക്കി ഈ മേഖലയിൽ നിർമാണം നടത്തണമെന്നും മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കുഴികൾ മൂടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.