സംസ്ഥാനത്ത് വരുന്ന ആറു ദിവസം ശക്തമായ മഴക്ക് സാധ്യത. 17-ാം തീയതി വരെ തീവ്രമഴ കിട്ടുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ടാണ് നല്‍കിയിട്ടുണ്ട്. തീവ്രമഴക്കുള്ള സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എറണാകുളം തൃശൂര്‍, പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് എന്നീ ഒന്‍പതു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കി.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. നാളെ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടുമാണ്. വരുന്ന ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ കിട്ടും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണം. ഇന്നു മുതല്‍ ചൊവ്വാഴ്ച വരെയാണ് തീവ്രമഴ ഉണ്ടാകാനിടയുള്ളത്. മലയോരത്തേക്കും തീരപ്രദേശത്തേക്കും ഉള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണം, ജലാശയങ്ങളിലും കടലിലും പുഴകളിലും ഇറങ്ങരുത് എന്നീ മുന്നറിയിപ്പുകളുമുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം. നാളെ രാത്രി വരെ ജാഗ്രതാ നിർദേശം നൽകി. 3. 5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകും. കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരഞ്ഞ് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും വിനോദസഞ്ചാരവും പാടില്ല. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ മൂഴിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകളും വീണ്ടും ഉയർത്തി. രണ്ടു ഷട്ടറുകൾ 10 സെന്റിമീറ്ററും ഒരു ഷട്ടർ 30 സെൻറീമീറ്ററും ആണ് ഉയർത്തിയത്. മഴ കനത്തതോടെ ഒരു ഷട്ടർ കഴിഞ്ഞ മൂന്നാഴ്ചയോളമായി ഉയർത്തിയിരിക്കുകയായിരുന്നു.