container-shipfire

കേരളതീരത്ത് എണ്ണ വ്യാപന സാധ്യത മുന്നറിയിപ്പ്. അഴിക്കലിന് സമീപം അറബിക്കടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് ചാവക്കാടിനും കൊച്ചിക്കും ഇടയിലെ തീരമേഖലയില്‍ വരും ദിവസങ്ങളില്‍ എണ്ണ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്‍ട്രല്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസ് അറിയിച്ചു. വലിയ പാരിസ്ഥിതിക പ്രതിസന്ധിക്കും കാരണമായേക്കും‌മെന്നു INCOIS ആണ് മുന്നറിയിപ്പ് നല്‍കിയത്. 

കേരളത്തെ ആശങ്കയിലാഴ്ത്തുന്നതാണ് അറബിക്കടലിൽ തുടര്‍ച്ചയായുണ്ടായ രണ്ടാമത്തെ കപ്പലപകടം. ബേപ്പൂർ തീരത്തുനിന്ന് 88 നോട്ടിക്കൽ മൈലും (162.98 കിലോമീറ്റർ) കണ്ണൂർ അഴീക്കലിൽനിന്നു 44 നോട്ടിക്കൽ മൈലും (81.4 കിലോമീറ്റർ) അകലെയായാണ് ചരക്കുകപ്പലിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. 22 ജീവനക്കാരിൽ 4 പേരെ കാണാതായി. 18 പേരെ രക്ഷപ്പെടുത്തി. സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്ത വാൻ ഹയി 503 എന്ന കപ്പലിനാണു തീപിടിച്ചത്. അപകടമുണ്ടായ ഭാഗത്തുനിന്ന് ഏറ്റവുമടുത്തുള്ള തീരമേഖലകൾ തലശ്ശേരിക്കും വടകരയ്ക്കുമിടയ്ക്കാണ്. കപ്പലിനു പൂർണമായി തീപിടിച്ചതായി നാവികസേന അറിയിച്ചു. 

കൊളംബോയിൽനിന്നു വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ നവിമുംബൈയിൽ എത്തേണ്ടതായിരുന്നു. കണ്ടെയ്നർ പൊട്ടിത്തെറിക്കുന്നതും മുകളിലുള്ള കണ്ടെയ്നറുകൾ തകർന്നുകിടക്കുന്നതും നാവികസേന നൽകിയ ദൃശ്യങ്ങളിലുണ്ട്. ഇരുപത്തഞ്ചിലേറെ കണ്ടെയ്നറുകൾ കടലിലേക്കു തെറിച്ചുവീണു. മൂന്നാഴ്ചയ്ക്കുള്ളിൽ കേരള തീരത്തിനുസമീപം കടലിലുണ്ടാകുന്ന രണ്ടാമത്തെ കപ്പലപകടമാണിത്. ജീവനക്കാരിലേറെയും തയ്‌വാൻ സ്വദേശികളാണ്. ചൈന, മ്യാൻമർ, ഇന്തൊനീഷ്യ സ്വദേശികളുമുണ്ട്. കാണാതായ 4 പേരിൽ 2 പേർ തയ്‌വാൻ സ്വദേശികളും ഒരാൾ വീതം ഇന്തൊനീഷ്യ, മ്യാൻമർ സ്വദേശികളുമാണ്. 

ENGLISH SUMMARY:

Oil Spill Threat Looms Between Chavakkad and Kochi Coastline