ഉദ്യോര്‍ഗാര്‍ഥികള്‍ കാത്തുകാത്തിരിക്കുന്ന സര്‍ക്കാര്‍ ജോലിയ്ക്കുള്ള അഡ്വൈസ് മെമ്മോ ഇനിമുതല്‍ കിട്ടാതവരുന്ന പ്രശ്നമില്ല. തപാല്‍വഴി അയക്കുമ്പോള്‍ നഷ്ടപ്പെടുകയോ, മറ്റപ്രതീക്ഷിതകാരണങ്ങളാല്‍ നശിച്ചുപോകുയോ ചെയ്യില്ല. പോസ്റ്റുമാന്‍ മറന്നുപോയി കാലതാമസം വരുമെന്ന ഭീതിയും വേണ്ട. ലോകത്തെവിടെയായാലും കേരളത്തിലെ സര്‍ക്കാര്‍ ജോലിക്ക് നിങ്ങളെ അഡൈസ് ചെയ്തിട്ടുണ്ടോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് നിങ്ങളറിയും. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം.
ഇന്നത്തെക്കാലത്ത് ഒരുമിറ്റുപോലും ഓഫ്‌ലൈന്‍ ആയി കഴിയാന്‍ ഇഷ്ടപ്പെടാത്ത യുവാക്കള്‍ അധികനേരമൊന്നും കണക്ടിവിറ്റിയില്ലാതെ തുടരാന്‍ ഇടയില്ല. ഈ പശ്ചാത്തലത്തിലാണ് വിവിധ തസ്തികകളിലെ നിയമന ശുപാർശ (അഡ്വൈസ് മെമ്മോ) ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പിഎസ്‌സി തീരുമാനിച്ചത്. നിയമന ശുപാർശ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും കൂടുതൽ സുരക്ഷിതമാക്കുന്നതിനുമാണ് ഈ തീരുമാനം.
സുരക്ഷിതത്വം ഉറപ്പാക്കാൻ ക്യുആർ കോഡും ഉൾപ്പെടുത്തും. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള നിയമന ശുപാർശയുടെ പ്രിന്റെടുത്ത് ഉദ്യോഗാർഥികൾക്ക് ജോലിയിൽ പ്രവേശിക്കുമ്പോൾ ഹാജരാക്കാം. നിയമന ശുപാർശ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗം അയയ്ക്കുന്ന രീതി നിർത്തലാക്കും. സര്‍ക്കാര്‍ ജോലിക്ക് പോസ്റ്റുമാന്‍ വഴി കടലാസ് കിട്ടുന്ന കാലം കഴിയുന്നുവെന്ന് ചുരുക്കം. സര്‍ക്കാര്‍ ജോലിയ്ക്കുള്ള ഉത്തരവ് പോസ്റ്റ്മാന്‍ കൊണ്ടുതരുമ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതൊക്കെ ഇനി പഴയ സിനിമാ രംഗങ്ങള്‍ !
അപേക്ഷള്‍ പ്രൊഫൈൽ വഴി
ഉത്തരക്കടലാസ് പുനപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി ലഭിക്കുന്നതിനും പ്രൊഫൈൽ വഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ, അഭിമുഖം, പ്രമാണ പരിശോധന, നിയമന പരിശോധന എന്നിവയുടെ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ, പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കുന്നതിനുള്ള അപേക്ഷ, ഭിന്നശേഷിക്കാർക്ക് സ്ക്രൈബിനെ ലഭിക്കുന്നതിനുള്ള അപേക്ഷ എന്നിവയെല്ലാം ഇപ്പോൾ പ്രൊഫൈൽ വഴിയാണ് നൽകേണ്ടത്. ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനും പ്രൊഫൈൽ വഴി അപേക്ഷിക്കണം.
പിഎസ്‌സി പരീക്ഷകളിൽ പങ്കെടുക്കുന്ന ടൈപ്പ് വൺ ഡയബറ്റിക് ആരോഗ്യ പ്രശ്നങ്ങളുള്ള ഉദ്യോഗാർഥികൾക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സിജിഎംഎസ് (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം), ഷുഗർ ടാബ്‌ലറ്റ്, വെള്ളം എന്നിവ പരീക്ഷാ ഹാളിൽ കൈവശം കരുതുന്നതിന് അനുവാദമുണ്ട്. ഇതിലേക്കും പ്രൊഫൈൽ വഴിയാണ് അപേക്ഷ നൽകേണ്ടത്.
പുതിയ സംവിധാനങ്ങള്‍ വഴി ആള്‍മാറാട്ടം പൂര്‍ണമായി തന്നെ ഒഴിവാക്കാനാകും. വിവിധ അപേക്ഷകളിലെ തെറ്റുകള്‍, ആരോഗ്യ പ്രശ്നമുള്ളവര്‍ക്ക് ഇളവ് ലഭിക്കാനുള്ള അപേക്ഷകള്‍ തുടങ്ങിയവയിലും ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ സൗകര്യപ്രദമാകും പുതിയ സംവിധാനങ്ങള്‍.