msc-elsa3-ship-accident-crew-details-cargo-kerala

കൊച്ചി തീരത്തെ കപ്പലപകടത്തില്‍ എംഎസ്‌സി കപ്പല്‍ കമ്പനിക്ക് ഗുരുതരവീഴ്ചയെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. സാല്‍വേജ് നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കണം. എണ്ണച്ചോര്‍ച്ച തടയാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്നും വിമര്‍ശനം. കാലവര്‍ഷം വരുന്നതിനാല്‍ ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നും കപ്പല്‍ കമ്പനിക്ക് നല്‍കിയ കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

അതേസമയം, കൊച്ചി തീരത്ത് അപകടമുണ്ടാക്കിയ എം.എസ്.സി ഷിപ്പിങ് കമ്പനിക്കെതിരെ  കേസെടുത്തിട്ടും വിഴിഞ്ഞത്തേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളില്‍ നിന്ന് പിന്മാറാതെ ഷിപ്പിങ് കമ്പനി. ഈ മാസം ഇനിയും എംഎസ്‌സിയുടെ 36 കപ്പലുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് എന്ന് തുറമുഖ  രേഖകള്‍ വ്യക്തമാക്കുന്നു. കേസെടുത്തിട്ടും കേരള തീരത്തെ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാവുമ്പോള്‍ പിന്നെ എന്തിനാണ് കമ്പനിയെ സഹായിക്കാന്‍ കേസ് എടുക്കേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ചത് എന്നതില്‍ ദുരൂഹത തുടരുകയാണ്. 

എംഎസ് സി എല്‍സ 3 കൊച്ചി തീരത്ത് അപകടമുണ്ടാക്കിയതില്‍ കേസെടുക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനിപ്പിച്ചപ്പോള്‍ രേഖകളില്‍ പരാമര്‍ശിച്ച കാര്യം MSC വിഴിഞ്ഞത്തെ പ്രധാന ഇടപാടുകാരാണ് എന്നതായിരുന്നു. എംഎസ് സി വിഴിഞ്ഞത്തെ ഉപേക്ഷിക്കുമെന്ന് ഭയത്താലാണ് കമ്പനിക്കെതിരെ കേസെടുക്കാതെ ഇന്‍ഷുറന്‍സ് വഴി നീങ്ങാന്‍ ശ്രമം നടത്തിയ എന്ന സംശയമുയര്‍ന്നിരുന്നു. എന്നാല്‍ കപ്പല്‍ കമ്പനി കേരളത്തെ ഉപേക്ഷിക്കുമോ എന്ന ഭയമല്ല കപ്പല്‍ കമ്പനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ സഹായം ചെയ്യുകയായിരുന്നു

സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വ്യക്തമാവുകയാണ്. കമ്പനിയുടെ ഉടമയ്ക്കെതിരെ കേസ് എടുത്തിട്ടും വിഴിഞ്ഞത്തേക്ക് വരുന്നതില്‍ നിന്നും എംഎസ് സി ഒരു കപ്പല്‍ പോലും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടില്ല. 

ഈ മാസം 30നകം   എം.എസ് സിയുടെ 36 കപ്പലുകളാണ് വിഴിഞ്ഞത്തെ ലക്ഷ്യമാക്കി വരുന്നത്. 31 ആം തീയതി സിംഗപൂരില്‍ നിന്ന് പുറപ്പെട്ട  എംഎസ്‌സി സാന്‍ ഫ്രാന്‍സിസ്കോ  ഇപ്പോള്‍ ലക്ഷദ്വീപിലാണുള്ളത്. വൈകാതെ വിഴിഞ്ഞത്തേക്ക് എത്തും. എംഎസ്‌സി ക്ലമന്‍റിന, എംഎസ്‌സി ടിയ വി  , എംഎസ്‌സി പോളോ വി എന്നിങ്ങനെ  പോകുന്ന എംഎസ്‌സി കപ്പലുകളുടെ നീണ്ട നിര . ഒരു കേസ് രജിസ്റ്റര്‍ ചെയ്തത് എംഎസ്‌സി യുടെ വിഴിഞ്ഞത്തേക്കോ കേരള തീരങ്ങളിലേക്കോ ഉള്ള വരവിനെ ബാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് കപ്പല്‍ കമ്പനിയെ സഹായിക്കാന്‍ ക്രിമിനല്‍ കേസ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞത് എന്നതിന് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്.

ENGLISH SUMMARY:

The Union Ministry of Shipping has flagged a serious lapse on the part of MSC, the shipping company involved in the recent shipwreck off the Kochi coast. The ministry has directed that salvage operations must be completed swiftly. It also criticized the company for failing to implement measures to prevent oil leakage. In an official letter to MSC, the ministry warned that the upcoming monsoon could lead to severe complications if action is delayed. Manorama News has accessed a copy of this letter.