വീട്ടുമുറ്റത്ത് കാട്ടാന വന്നു നിൽക്കുന്ന നിലമ്പൂരിലെ ജവഹർ കോളനിക്കാരെ തേടി ഈ തിരഞ്ഞെടുപ്പു കാലത്തും മുന്നണികൾ വോട്ടഭ്യർഥിച്ച് എത്തുന്നുണ്ട്. 200ഓളം കുടുംബങ്ങൾ ജീവൻ കൈയ്യിൽ പിടിച്ച് ജീവിക്കുന്ന മണ്ണിൽ, വാഗ്ദാന പെരുമഴയുടെ കടലാസും വരുന്നവരുടെ കൈയ്യിലുണ്ട്. പക്ഷേ ആർക്കും ഇവരുടെ ജീവിതത്തിൽ ഭയം നിറക്കുന്നത് എന്താണെന്ന് അറിയണ്ട.
മരണമുഖത്ത് നിന്ന് ജീവൻ തിരിച്ചു കിട്ടിയ അന്താളിപ്പ് പ്രദേശവാസിയായ തങ്കമണി എന്ന സ്ത്രീയുടെ മുഖത്ത് കാണാം. വീട്ടിലെ ജനല്‍ പാളിയിലേക്ക് കൈചൂണ്ടി തങ്കമണി പറയുന്നു.‘ഈ ജനൽ പാളിയിൽ തുമ്പികൈ തൊട്ടിട്ട് ദിവസം ഏറെയായില്ല.ജനൽ തുറന്നപ്പോൾ ആന , കുറ്റി ഇളക്കി നോക്കിയപ്പോ ദാ നിൽക്കുന്നു, ആന കാൽ ഉയർത്തി നിന്നു, മോൾ പറഞ്ഞു പന്നിയാണെന്ന്, പിന്നെ ഓടി വീട്ടിൻ്റെ മുകളിൽ കയറി, ആന തുമ്പി കൈതൊട്ടു.’
ചക്ക തേടി വരുന്ന ആന ഫെൻസിങ്ങും മുള്ളു വേലിയും തകർത്താണ് അതിരുകടക്കുന്നത്. രാത്രിയിൽ പുറത്ത് ഇറങ്ങാൻ ധൈര്യമില്ലാത്തവരുടെ നിസ്സാഹായത മറ്റൊരു നിവാസി കാരിച്ചിയുടെ കണ്ണിലും കാണാം.
മുന്നണികൾ വോട്ട് ചോദിച്ചു ഒരോ തവണ മടങ്ങുമ്പോൾ പ്രതീക്ഷിക്കും ഇവർ, ധൈര്യമായി മുറ്റത്തിറങ്ങാൻ കഴിയുന്ന ഒരു രാത്രി, വർഷങ്ങൾ കടന്നു പോയി, വോട്ടു ചോദിച്ചു വരുന്നവരുടെയും സ്ഥാനാർത്ഥികളുടെയും മുഖങ്ങൾ മാറി, കാട്ടാന കലിയിൽ മരണ ഭയം ഉള്ളിൽ നിറച്ച് ജീവിക്കുന്ന മനുഷ്യരുടെ സങ്കടത്തിന് പക്ഷേ മാറ്റമില്ല, അതു ഇനിയും തുടരുമോ എന്നതാണ് ചോദ്യം.