സംസ്ഥാനത്ത് ഇന്നും പരക്കെ മഴ കിട്ടും. കണ്ണൂരും കാസര്‍കോട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതല്‍ വയനാടു വരെയുള്ള എട്ടുജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്.
ഇടുക്കിയില്‍ മഴ വ്യാപകമായതിനെ തുടര്‍ന്ന് കല്ലാർകുട്ടി , പാംബ്ല ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ പെരിയാർ, മുതിരപ്പുഴയാറുകളുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശനി ഞായര്‍ ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലും അതിശക്തമായ മഴ കിട്ടും. ഞായറാഴ്ച സംസ്ഥാനം മുഴുവനും ഒാറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.
കനത്തമഴയില്‍ ബുധനാഴ്ച ആലപ്പുഴ ചന്തിരൂരിൽ അമ്മയ്ക്കൊപ്പം സ്കൂളിൽ പോയ വിദ്യാർഥിനി റോഡിലെ വെള്ളക്കെട്ടിൽ വീണു. പകുതിയോളം മുങ്ങിയ കുട്ടിയെ അമ്മയാണ് പിടിച്ചുകയറ്റിയത്. മഴ ശക്തമായതോടെ ഇവിടെ റോഡും കുഴികളും തിരിച്ചറിയാൻ മാർഗമില്ല. വാര്‍ത്തയ്ക്ക് പിന്നാലെ കുഴിയ്ക്ക് സമീപം താല്‍ക്കാലിക ബാരിക്കേട് സ്ഥാപിച്ചു. വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഡല്‍ഹിയില്‍ അത്യുഷ്ണമാണ്. താപനില പലയിടങ്ങളിലും 45 ഡിഗ്രി കടന്നു. അടുത്ത രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരുകയാണ്. രാജസ്ഥാനില്‍ ചിലയിടങ്ങില്‍ താപനില അന്‍പത് ഡിഗ്രിയോടടുത്തു.