kasaragod-veeramalakunnu-landslide-nh-inspection

TOPICS COVERED

കാസർകോട് ദേശീയപാതയ്ക്കായി ഇടിച്ച വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. മലയുടെ ഒരു വലിയ ഭാഗം താഴേക്ക് പതിച്ചു. അതേസമയം മാധ്യമങ്ങൾ അറിയാതെ രഹസ്യാത്മകമായി ദേശീയപാതയിൽ പരിശോധന നടത്തുന്ന വിദഗ്ധസംഘം കാസർകോട് തുടരുകയാണ്. അഞ്ചുദിവസത്തിനുള്ളിൽ കേരളം മുഴുവൻ പരിശോധിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞദിവസം രാത്രിയാണ് വീരമലക്കുന്നിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. മലയുടെ ഒരു ഭാഗം അടർന്ന് താഴേക്ക് പതിച്ചു. 5 മീറ്ററിൽ താഴെ ഉയരമുള്ള സംരക്ഷണഭിത്തിയാണ് മലയെ മുഴുവനായി താങ്ങി നിർത്തുന്നത്. സുരക്ഷയുടെ ഭാഗമായി മലയോട് ചേർന്നുള്ള ഭാഗത്തെ ഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായിട്ടും പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടില്ല. 

അതിനിടെ കേരളത്തിലെ ദേശീയപാത നിർമ്മാണം പഠിക്കുന്ന വിദഗ്ധസംഘം കാസർകോട് ജില്ലയിൽ പരിശോധന നടത്തുകയാണ്. സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിട്ടയേർഡ് സൈന്റിസ്റ്റ് കിഷോർ കുമാറിന്റെ അധ്യക്ഷതയിലുള്ള നാലംഗ സംഘത്തിൽ പാലക്കാട് ഐഐടിയിൽ നിന്നുള്ള ടി.കെ സുധീഷാണ് ഏക മലയാളി. മാധ്യമങ്ങളുടെ ശ്രദ്ധ തെറ്റിച്ച് രഹസ്യാത്മകമായി പരിശോധന നടത്തുന്ന സംഘം ഇന്നലെ മനോരമ ന്യൂസിന് മുൻപിൽ പെട്ടതോടെ ദൃശ്യങ്ങൾ എടുക്കരുതെന്നടക്കം ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഏത് മേഖലയിലാണ് പരിശോധന നടത്തുന്നതെന്ന് സംഘം അറിയിച്ചിട്ടില്ല. സംഘത്തെ രൂപീകരിച്ച് രണ്ടാഴ്ചയായിട്ടും പരിശോധന നടത്താത്തത് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.