കണ്ണൂര്‍ അഴീക്കലിന് സമീപം അറബിക്കടലില്‍ തീ പിടിച്ച വാന്‍ ഹയ് ചരക്കു കപ്പലിന്‍റെ ഇന്ധന ടാങ്കിന് സമീപത്തെയും ഇന്നര്‍ ഡെക്കിലെയും തീ അണയ്ക്കാനുള്ള പരിശ്രമം തുടരുന്നു. കടലിലെ പ്രതികൂല സാഹചര്യം വെല്ലുവിളിയാണ്. തീ ഇന്നത്തോടെ പൂര്‍ണമായും അണയ്ക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

കപ്പലിനെ ടഗ് ബോട്ടുമായി ബന്ധിപ്പിച്ച് ആഴക്കടലില്‍ പരമാവധി ദൂരത്തേയ്ക്ക് മാറ്റാനാണ് നീക്കം. സാല്‍വേജ് ഒാപ്പറേഷനായുള്ള അഞ്ചംഗ സംഘവും കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററില്‍ നിന്ന് കപ്പലിലേയ്ക്ക് ഇറങ്ങി.  കപ്പലിന്‍റെ മുന്‍ഭാഗത്തെ കൊളുത്തില്‍ വലിയ വടം കെട്ടിയ ശേഷം വാട്ടര്‍ ലില്ലി എന്നു പേരുള്ള ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു.

കടലില്‍ വീണ കണ്ടെയ്നറുകള്‍ കേരളതീരത്തേയ്ക്ക് തന്നെയാണ് ഒഴുകി നീങ്ങുന്നത്. അപകടമുണ്ടായി 50 മണിക്കൂറിലധികം പിന്നിടുമ്പോഴാണ് വാങ് ഹായി 503 എന്ന ചരക്കുകപ്പലിലെ തീ ഭാഗികമായെങ്കിലും നിയന്ത്രിക്കാനായത്. കപ്പലിന്‍റെ മുന്‍ഭാഗത്ത് നിന്ന് ഇപ്പോഴും പുക ഉയരുകയാണ്. 2000 ടണ്‍ ഇന്ധനവും 240 ടണ്‍ ‍ഡീസലുമുണ്ട് കപ്പലില്‍.  കടുത്ത ചൂടില്‍ ചുട്ടുപഴുത്ത് നില്‍ക്കുന്ന അവസ്ഥ മാറിയാല്‍ മാത്രമേ കപ്പലിനെ നീക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാകൂ. കൂടുതല്‍  ഫയര്‍ ഫയറ്റിങ്ങ് ഫോമുകള്‍ മംഗളൂരുവില്‍ നിന്ന് എത്തിക്കും. കടലില്‍ വീണ കണ്ടെയ്നറുകള്‍ തെക്കുകഴിക്കന്‍ ദിശയിലാണ് നിങ്ങുന്നത്. അതായത് കേരള തീരത്തേയ്ക്ക്. ഇവ അധികം വൈകാതെ കരയ്ക്കടിഞ്ഞേക്കും. 

തീ അണയ്ക്കാന്‍ കൂടുതല്‍ കപ്പലുകളും എത്തിച്ചേരും. സരോജ ബ്ലെസിങ്, ഗാര്‍നെറ്റ്, സക്ഷം എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തുക. കപ്പല്‍ ഇപ്പോള്‍ 15 ഡിഗ്രിയിലധികം ചരിഞ്ഞ നിലയിലാണ്. തീ എത്രയും വേഗം അണയ്ക്കാനായില്ലെങ്കില്‍ മുങ്ങിപോകാനുള്ള സാധ്യതകളുമേറെ. അതിനിടെ അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കുന്ന ചൈനീസ് പൗരന്‍ ഇന്ന് ആശുപത്രി വിടും. ഗുരുതരമായി പരുക്കേറ്റ്  മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

ENGLISH SUMMARY:

Firefighting continues on Van Hai cargo ship near Azhikkal, Kannur. Salvage team and Coast Guard onboard. Tugboat Water Lily deployed to tow ship into deep sea.