എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ ദുർബലമാണെന്ന് ആശങ്ക. ശക്തമായ വകുപ്പുകൾ ചുമത്തേണ്ടതുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടികാട്ടി. നിലവിൽ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഈ വകുപ്പുകൾ പ്രകാരം പരമാവധി ആറ് മാസം തടവും പിഴയും മാത്രമാണ് ലഭിക്കുക.

അപകടത്തിൽ കേസെടുക്കാൻ പരാതിയുണ്ടോ എന്ന് ദുരന്തനിവാരണ വകുപ്പ്

അതേസമയം തീരദേശത്തെ കപ്പല്‍ അപകടത്തിൽ വിചിത്രമായ ചോദ്യവുമായി ദുരന്തനിവാരണ വകുപ്പ്. അപകടത്തിൽ കേസെടുക്കാൻ പരാതിയുണ്ടോ എന്ന് ദുരന്തനിവാരണ വകുപ്പ്. വകുപ്പ് നൽകിയ കത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

എന്നാല്‍ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വി.എൻ. വാസവൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഷിപ്പിങ് മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

കപ്പലപകടത്തിൽ കേസെടുക്കാൻ വൈകിയിട്ടില്ലെന്ന് കോസ്റ്റൽ എ.ഐ.ജി. പഥം സിങ് അറിയിച്ചു. കുറ്റകൃത്യം സംബന്ധിച്ച് വ്യക്തമായ പരാതി ഇപ്പോളാണ് ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യഘട്ടത്തിൽ പരാതിക്കാരന്റെയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരുടെയും മൊഴി രേഖപ്പെടുത്തും. തുടർന്ന് കപ്പൽ ജീവനക്കാരെയടക്കം വിശദമായി ചോദ്യം ചെയ്യുമെന്നും എ.ഐ.ജി. കൂട്ടിച്ചേർത്തു.

കപ്പലപകടത്തിൽ കേസെടുക്കാൻ വൈകിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. സർക്കാർ ഈ വിഷയത്തിൽ മലക്കം മറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. "ഗത്യന്തരമില്ലാതെയാണ് കേസെടുത്തത്" എന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. അപകടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽസ 3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ ദുർബലമാണെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. നിയമവിദഗ്ധർ പറയുന്നത് ശക്തമായ വകുപ്പുകൾ ചുമത്തേണ്ടതുണ്ടെന്നാണ്. നിലവിൽ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഈ വകുപ്പുകൾ പ്രകാരം പരമാവധി ആറ് മാസം തടവും പിഴയും മാത്രമാണ് ലഭിക്കുക.

ആലപ്പുഴ തീരത്ത് അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു. കപ്പൽ കമ്പനി ഒന്നാം പ്രതിയും ഷിപ് മാസ്റ്റർ രണ്ടാം പ്രതിയുമായാണു കപ്പലിലെ മറ്റു ജീവനക്കാർ മൂന്നാം പ്രതികളുമാണ് കേസ് റജിസ്റ്റർ ചെയ്തത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്‌ഐആര്‍. തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ ദൂരത്താണ് മേയ് 25ന് കപ്പൽ മുങ്ങിയത്.

സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി സി.ശ്യാംജിയാണ് പരാതിക്കാരന്‍. മൽസ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗവും മൽസ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്. മൽസ്യത്തൊഴിലാളിയുമാണ് ശ്യാംജി.

ENGLISH SUMMARY:

Concerns have been raised about the weak legal charges filed in connection with the MSC ELSA-3 ship sinking off the Alappuzha coast on May 25. Legal experts argue that only bailable sections with a maximum penalty of six months imprisonment and a fine have been applied, and stronger sections should have been imposed. The Coastal Police have registered a case with the shipping company as the first accused and the ship master as the second. Criticism has also emerged from political circles, including KC Venugopal, who alleged that the delay in filing the case was to benefit the Adani Group. Meanwhile, authorities insist the delay was due to the time required to gather proper complaints and evidence.