കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ നാട്ടിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം ബന്ധുക്കളും കെനിയയിലെ മലയാളി സംഘടനകളും ചേര്‍ന്ന് തുടങ്ങി. മൃതദേഹങ്ങള്‍ ഉച്ചയ്ക്കുശേഷം നെയ്റോബിയിലെത്തിക്കും. ഉറ്റവരുടെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് കുടുംബങ്ങള്‍
അപകടം നടന്ന സ്ഥലത്തിനടുത്തെ മൂന്ന് ആശുപത്രികളിലായി ചികിൽസയിൽ കഴിഞ്ഞ എല്ലാവരെയും കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റി. നാലുപേരെ എയർ ലിഫ്റ്റ് ചെയ്താണ് മാറ്റിയത്. പതിനേഴുപേരെ റോഡു മാർഗം എത്തിച്ചു. രണ്ടുപേരെ ഇന്നെത്തിക്കും. രണ്ടുദിവസത്തിനുള്ളില്‍ കേരളത്തിലേക്ക് മൃതദേഹങ്ങള്‍ അയക്കാനാകുമെന്നാണ് കെനിയയിലെ മലയാളി സംഘടനകളുടെ പ്രതീക്ഷ. ഖത്തറില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള ബന്ധുക്കള്‍ കെനിയയില്‍ എത്തി. ടൂര്‍ ഓപ്പറേറ്ററും സ്ഥലത്തെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഖത്തറില്‍നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് കഴിഞ്ഞദിവസമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്
അപകടത്തില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശി ജെസ്നയുടെയും ഒന്നര വയസ്സുകാരി റൂഹിയുടെയും വിയോഗത്തിൽ നൊമ്പരപെടുകയാണ് ജന്മനാട്. ഭർത്താവ് മുഹമ്മദ് ഹനീഫ പരുക്കുകളോടെ ചികില്‍സയിലാണ്. അടുത്ത മാസം അവധിക്ക് പാലക്കാട് മണ്ണൂരിലെ വീട്ടിൽ വരാനിരിക്കെയാണ് കെനിയയിലെ ദുരന്തം റിയയെയും ഏഴു വയസുള്ള മകൾ ടൈസയേയും കവർന്നത്. ആറു വർഷം മുമ്പ് ഖത്തറിൽ പോയ കുടുംബത്തിന്റെ സ്വപ്ന യാത്രയായിരുന്നു കെനിയയിലേത്. അപകടത്തിൽ ഭർത്താവ് ജോയലിനും മകൻ ട്രാവിസിനും പരുക്കുണ്ട്