കേരള തീരത്തിനടുത്ത് പൊട്ടിത്തെറിച്ച ചരക്കുകപ്പലിലെ തീ ഭാഗികമായി അണച്ചു. 40 ശതമാനം തീ അണയ്ക്കാനായെന്നും പൊട്ടിത്തെറികള്‍ കുറഞ്ഞെന്നും തീരസംരക്ഷണസേന അറിയിച്ചു. എന്നാല്‍ കടലില്‍ വീണ കണ്ടെയ്നറുകള്‍ കേരളതീരത്തേയ്ക്ക് തന്നെയാണ് ഒഴുകി നീങ്ങുന്നത്. തീ അണയ്ക്കാന്‍ കൂടുതല്‍ കപ്പലുകള്‍ നാളെയെത്തും. അപകടമുണ്ടായി 50 മണിക്കൂറിലധികം പിന്നിടുമ്പോഴാണ് വാങ് ഹായി 503 എന്ന ചരക്കുകപ്പലിലെ തീ ഭാഗികമായെങ്കിലും നിയന്ത്രിക്കാനായത്. കപ്പലിന്‍റെ മുന്‍ഭാഗത്ത് നിന്ന് ഇപ്പോഴും പുക ഉയരുകയാണ്. 2000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമുണ്ട് കപ്പലില്‍. ഈ ഇന്ധനടാങ്കിലേയ്ക്ക് തീ പടരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. കടലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകി നീങ്ങുന്ന കപ്പലിനെ കെട്ടിവലിച്ചുകൊണ്ടുപോകാനും സാധിക്കുന്നില്ല.
കടുത്ത ചൂടില്‍ ചുട്ടുപഴുത്ത് നില്‍ക്കുന്ന അവസ്ഥ മാറിയാല്‍ മാത്രമേ കപ്പലിനെ നീക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാകൂ. കൂടുതല്‍ ഫയര്‍ ഫയറ്റിങ്ങ് ഫോമുകള്‍ മംഗളൂരുവില്‍ നിന്ന് എത്തിക്കും. കടലില്‍ വീണ കണ്ടെയ്നറുകള്‍ തെക്കുകഴിക്കന്‍ ദിശയിലാണ് നിങ്ങുന്നത്. അതായത് കേരള തീരത്തേയ്ക്ക്. ഇവ അധികം വൈകാതെ കരയ്ക്കടിഞ്ഞേക്കും.
തീ അണയ്ക്കാന്‍ കൂടുതല്‍ കപ്പലുകളും എത്തിച്ചേരും. സരോജ ബ്ലെസിങ്, ഗാര്‍നെറ്റ്, സക്ഷം എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തുക. കപ്പല്‍ ഇപ്പോള്‍ 15 ഡിഗ്രിയിലധികം ചരിഞ്ഞ നിലയിലാണ്. തീ എത്രയും വേഗം അണയ്ക്കാനായില്ലെങ്കില്‍ മുങ്ങിപോകാനുള്ള സാധ്യതകളുമേറെ. അതിനിടെ അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കുന്ന ചൈനീസ് പൗരന്‍ ഇന്ന് ആശുപത്രി വിടും. ഗുരുതരമായി പരുക്കേറ്റ് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
അതേസമയം, വാന്‍ ഹായി കപ്പല്‍ തീ പടര്‍ന്നയുടനെയുള്ള ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. സൈറണ്‍ മുഴങ്ങി അപായസൂചന ലഭിച്ചപ്പോള്‍ ജീവനക്കാര്‍ രക്ഷപ്പെടുന്നതടക്കമുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. ലൈഫ് ബോട്ട് കടലില്‍ ഇറക്കുന്നതും നിരീക്ഷണ ഹെലികോപ്ടര്‍ എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. കപ്പലില്‍ തീ പടരുന്നത് ജീവനക്കാര്‍ ബോട്ടില്‍ ഇരിക്കുമ്പോഴാണ്. ലൈഫ് ബോട്ടിലെ ദൃശ്യങ്ങളും കാണാം. പുക മൂലം ജീവനക്കാര്‍ക്ക് ചുമയും അസ്വസ്ഥയുമുണ്ടാകുന്നു.