കൂട്ടുകാരന്റെ അച്ഛന് രക്തം ദാനം ചെയ്ത ശേഷം പുറത്തേക്കിറങ്ങിയ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. പുനലൂർ മണിയാർ മഹേഷ് ഭവനിൽ മഹേഷ് കുമാറാണ് (36) മരിച്ചത്. നിർമ്മാണ തൊഴിലാളിയായിരുന്നു.
രക്തം ദാനം ചെയ്ത ശേഷം, പുറത്തിറങ്ങിയ മഹേഷ് ശീതള പാനീയം കുടിച്ചു. അതിന് ശേഷമാണ് പൊടുന്നനെ നെഞ്ചുവേദന വന്നത്. ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തി ഡോക്ടറോട് കാര്യം പറഞ്ഞു.
ഇ.സി.ജിയിൽ നേരിയ വ്യത്യാസം കണ്ടതോടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പടെയുള്ള ഡോക്ടർമാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും മഹേഷിനെ രക്ഷിക്കാനായില്ല.
സംസ്കാരം കഴിഞ്ഞു. ഭാര്യ: സുജിത. മക്കള്‍: അഭിനവ്, അർപ്പിത, ഐശ്വര്യ. പരേതനായ മനോഹരന്റെയും ശ്യാമളയുടെയും മകനാണ് മഹേഷ് കുമാര്‍.