photographers-camp

TOPICS COVERED

യുവ ഫൊട്ടോഗ്രഫേഴ്സിനു ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രവും മലയാള മനോരമയും സംസ്ഥാന വനം വകുപ്പും ചേർന്ന് മൺസൂൺ ഫൊട്ടോഗ്രഫി ക്യാംപുകൾ സംഘടിപ്പിക്കുന്നു. പ്രകൃതിയെ അറിയാനും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണു ക്യാംപ്.

ജൂലൈ 4, 5, 6 തീയതികളില്‍ വയനാട്ടിലും ജൂലൈ 8, 9, 10 തീയതികളില്‍ പറമ്പിക്കുളത്തും ജൂലൈ 12, 13, 14 തീയതികളില്‍ തെന്മലയിലും നടക്കും. പരിസ്ഥിതി ഫൊട്ടോഗ്രഫി മത്സരത്തിന്റെ അടിസ്ഥാനത്തിലാണു ക്യാംപുകളിലേക്കുള്ള പ്രവേശനം. 30 സ്ത്രീകളടക്കം 60 പേരെയാണു ക്യാംപിലേക്കു തിരഞ്ഞെടുക്കുക. ഇതിൽ 20 പേർക്കു വീതം ഓരോ മേഖലയിലും നടക്കുന്ന ക്യാംപിൽ പങ്കെടുക്കാം.

അപേക്ഷ എങ്ങനെ?

2025 ജൂൺ 1ന് 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് അയയ്ക്കുന്ന ഫോട്ടോ ഡിഎസ്എൽആർ / മിറർലെസ് ക്യാമറയിൽ എടുത്തതാകണം. മൊബൈൽ ഫോൺ ഫോട്ടോ അനുവദിക്കില്ല. ഫോട്ടോ 2023 ജനുവരി ഒന്നിനു ശേഷം എടുത്തതാകണം. മഴ, പ്രകൃതി മാതാവ്, എന്റെ കേരളം എന്നിവയിൽ ഏതെങ്കിലുമൊരു വിഷയം തിരഞ്ഞെടുക്കാം. ഫോട്ടോകൾ ജൂൺ 7 മുതൽ ജൂൺ 15 വരെ ഗൊയ്ഥെ സെൻട്രത്തിന്റെ വെബ്സൈറ്റിൽ https://trivandrum.german.in/ അപ്‌ലോഡ് ചെയ്യാം. 6 എംബിയിൽ താഴെ ആയിരിക്കണം ഫോട്ടോയുടെ വലുപ്പം. വിജയികളെ ജൂൺ 22നു പ്രഖ്യാപിക്കും.

ക്യാംപിൽ ആരൊക്കെ?

മുതിർന്ന ഫൊട്ടോഗ്രഫറും ഇന്റർനാഷനൽ ലീഗ് ഓഫ് കൺസർവേഷൻ ഫൊട്ടോഗ്രഫേഴ്സ് (ഐഎൽസിപി) അംഗവുമായ ബാലൻ മാധവൻ ആണ് ക്യാംപ് ഡയറക്ടർ. ഐഎൽസിപി അംഗങ്ങളായ ശിവാംഗ് മെഹ്ത, ഐശ്വര്യ ശ്രീധർ, സന്ദേശ് കടൂർ, ഡോ. അപർണ പുരുഷോത്തമൻ, ശ്രീകാന്ത് മന്നെപുരി, ഷതാബ്ദി ചക്രവർത്തി എന്നീ ഫൊട്ടോഗ്രഫേഴ്സ് മെന്റർമാരാകും.

മികച്ച ചിത്രങ്ങൾക്ക് സമ്മാനം

ക്യാംപിൽ എടുക്കുന്ന ഫോട്ടോകളിൽനിന്നു തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് 50,000 രൂപ സമ്മാനമുണ്ട്. രണ്ടാം സ്ഥാനത്തിനു 30,000 രൂപയും മൂന്നാം സ്ഥാനത്തിനു 20,000 രൂപയുമാണു സമ്മാനത്തുക. 10,000 രൂപ വീതമുള്ള മൂന്നു പ്രോത്സാഹന സമ്മാനങ്ങളും നൽകും. പ്രോമിസിങ് നേച്ചർ ഫൊട്ടോഗ്രഫർക്കു മലയാള മനോരമ വിക്ടർ ജോർജ് അവാർഡ് ലഭിക്കും.

പങ്കെടുക്കുന്നവരുടെ മികച്ച ചിത്രങ്ങൾ നവംബറിൽ കൊച്ചിയിൽ നടക്കുന്ന മലയാള മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിൽ പ്രദർശിപ്പിക്കും. തുടർന്ന് കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രദർശനമുണ്ടാകും.

ENGLISH SUMMARY:

Capture the essence of monsoon! Goethe-Zentrum, Malayala Manorama, and the Kerala Forest Department are organizing photography camps for young talents. Explore nature and raise environmental awareness. Learn more about registration and camp details.