ലൈഫ് ഭവനപദ്ധതിയിലെ വീടിനായി കാത്തിരിക്കുന്നത് ഒരുലക്ഷത്തിലേറെ ഗുണഭോക്താക്കള്‍. ഗുണഭോക്തൃവിഹിതം കിട്ടിയിട്ട് ആറുമാസത്തിലേറെയായി. പഴയ വീട് പൊളിച്ചവര്‍ നനഞ്ഞൊലിക്കുന്ന ഷെഡുകളിലാണ് ജീവിതം. വായ്പയെടുത്ത് ഗുണഭോക്താക്കളെ സഹായിച്ച തദ്ദേശസ്ഥാപനങ്ങളും വെട്ടിലായി. മനോരമ ന്യൂസ് അന്വേഷണം,.
സർക്കാരിന്റെ വാക്ക് വിശ്വസിച്ച് ഉണ്ടായിരുന്ന വീട് പൊളിച്ചുകളഞ്ഞ് പെട്ടയാളാണ് പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മുരുഗൻ കുട്ടി. ലൈഫ് പദ്ധതിപ്രകാരം വീട് അനുവദിച്ചു എന്ന വാക്ക് വിശ്വസിച്ച മുരുഗൻ കുട്ടിയുടെ കുടുംബം നാലുവർഷത്തോളമായി ശോച്യാവസ്ഥയിലുള്ള ഷെഡ്ഡിലാണ് താമസിക്കുന്നത്. മഴപെയ്താൽ വെള്ളം കയറുന്ന ഷെഡ്ഡിൽ എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവർ.
ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ തറ കെട്ടിക്കഴിഞ്ഞ് ആറുമാസത്തോളമായി തിരുവനന്തപുരം പൂവച്ചലിലെ ഷൈലജനും കുടുംബവും കാത്തിരിക്കുകയാണ്. വീടിന്റെ പണി തുടരാനായി രണ്ടാമത്തെ വിഹിതം ലഭിക്കാൻ മുട്ടാത്ത വാതിലുകളില്ല. വന്യമൃഗ ശല്യമുള്ള പ്രദേശത്ത് പക്ഷാഘാതം വന്ന അമ്മയുമൊത്ത് നിലംപൊത്താറായ തകര ഷെഡിലാണ് ഇവരുടെ താമസം.