നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകളുടെ കടയിൽ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയെന്ന് ഉറപ്പിച്ചു പൊലീസ്. കടയിലെ 3 ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. 2024 ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തൽ.
അതിനാൽ കടയിലെ ആഭരണങ്ങൾ വിട്ടു കിട്ടിയ പണം ഇവർ കൈക്കലാക്കി എന്ന കൃഷ്ണകുമാറിന്റെയും മകൾ ദിയ കൃഷ്ണന്റെയും പരാതി ശരിയെന്ന് നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. എങ്കിലും അറസ്റ്റ് പോലുള്ള തുടർ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. അതിനിടെ ജീവനക്കാർ ഒളിവിൽ പോയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇന്നലെയും മൊഴി നൽകാൻ മ്യൂസിയം പൊലീസ് മുന്നിൽ ഇവര്‍ എത്തിയില്ല.
കേസില്‍ വനിതാ ജീവനക്കാരുടെ വാദം പൊളിയുകയാണ്. മൂന്ന് ജീവനക്കാരും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന നിഗമനത്തിലേക്ക് പൊലീസ്. ദിയ കൃഷ്ണന്‍റെ ഫ്ളാറ്റില്‍ നിന്ന് ജീവനക്കാര്‍ കാറില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെയും മുനയൊടിയുകയാണ്. അതേസമയം തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍
മുന്‍കൂര്‍ ജാമ്യത്തിനായി നടന്‍ കൃഷ്ണകുമാറും ദിയകൃഷ്ണയും കോടതിയെ സമീപിച്ചു.
അഹാന നടത്തിയ ചോദ്യം ചെയ്യലിലെ കുറ്റസമ്മതം പോലതന്നെ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ദിയ കൃഷ്ണന്‍റെ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. 2024 ജനുവരി മുതല്‍ കഴിഞ്ഞമാസം വരെയുള്ള അക്കൗണ്ട് വിവരങ്ങള്‍ പ്രാഥമികമയി പരിശോധിച്ചപ്പോള്‍ ഇവരുടെ അക്കൗണ്ടിലേക്ക് സാധാരണയിലധികം പണമെത്തിയെന്ന് ഉറപ്പിച്ചു. മൂന്ന് ജീവനക്കാര്‍ പരസ്പരവും പണം കൈമാറിയിട്ടുണ്ട്. അത് കടയില്‍ നിന്ന് തട്ടിയെടുത്ത പണമാണോയെന്നാണ് ഇനി അറിയേണ്ടത്. അത് ഉറപ്പിക്കാനുള്ള വിശദപരിശോധന പൊലീസ് തുടരുകയാണ്.
ഇന്നലെ മൊഴിയെടുക്കാനായി പൊലീസ് ഇവരുടെ വീട്ടിലെത്തിയിട്ടും അവര്‍ അവിടെയുണ്ടായിരുന്നില്ല. വക്കീലിനെ കാണാന്‍ പോയെന്നാണ് വീട്ടുകാര്‍ അറിയിച്ചത്. ഇന്നും മൊഴിയെടുക്കാനെത്തിയില്ലങ്കില്‍ ജീവനക്കാര്‍ മുങ്ങിയെന്ന് സംശയിക്കേണ്ടിവരുമെന്നാണ് പൊലീസ് വിലയിരുത്തല്‍. അതിനിടെ ജീവനക്കാര്‍ ദിയ കൃഷ്ണന്‍റെ ഫ്ളാറ്റില്‍ നിന്ന് കാറില്‍ കയറി കൃഷ്ണകുമാറിന്‍റെ ഓഫീസിലേക്ക് കയറിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബലപ്രയോഗം ഫോട്ടോകളില്‍ കാണാനില്ല. അതിനാല്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന പരാതിയും സംശയനിഴലിലാണ്. സാമ്പത്തിക തട്ടിപ്പ് സ്ഥിരീകരിച്ചാല്‍ പിന്നെ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ കേസ് നിലനിന്നേക്കില്ല.