കേരള തീരത്തുണ്ടായ കപ്പലപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രാസവസ്തുവിൽ നിന്നും പൊള്ളലേറ്റതായി ആശുപത്രി അധികൃതർ. ഗുരുതര പരുക്കുകളോടെ മാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന നാവികനാണ് രാസ വസ്തുവിൽ നിന്നും പൊള്ളലേറ്റത്. അതിനിടെ അപകടമുണ്ടായ കപ്പലിന് അടിത്തട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു.
കപ്പൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ ഇന്നലെ രാത്രിയാണ് മംഗ്ലൂരുവിൽ എത്തിച്ചത്. പരുക്കേറ്റ ആറു പേരെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ചൈനയിൽ നിന്നുള്ള ലു യാൻലി, ഇന്തോനേഷ്യൻ പൗരനായ സോണിത്തൂർ ഹയിനി എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. ഇരുവരുടെ നില ഗുരുതരമായി തുടരുകയാണ്. അതിനിടെ ഇവരിൽ ഒരാൾക്ക് രാസവസ്തുക്കളിൽ നിന്നും പൊള്ളലേറ്റിട്ടുണ്ടെന്നും, ഇത് എന്ത് വസ്തുവാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യക്കാരന് 35 ശതമാനം പൊള്ളലുമാണ് ഏറ്റിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് നാലുപേരുടെ നില തൃപ്തികരമാണ്. കരയിൽ എത്തിച്ച ക്യാപ്റ്റൻ ഉൾപ്പെടെ മറ്റ് 12 പേരെ മംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുന്നുണ്ട്. അതിനിടെ അപകട സ്ഥലത്തിന് സമീപത്ത് കടലിൽ അടിത്തട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. മുങ്ങൽ വിദഗ്ധർ പകർത്തിയ ദൃശ്യത്തിൽ കണ്ടെയ്നറുകൾ കടലിൽ മുങ്ങിക്കിടക്കുന്നത് കാണാം.