എറണാകുളം മാമലകണ്ടത്ത് ജീപ്പിടിപ്പിച്ച് ആദിവാസി യുവാവിനെ കൊല്ലാൻ ശ്രമിച്ചതിൽ നാട്ടുകാര്‍ക്കെതിരെയും പൊലീസ് കേസ്. ജീപ്പ് ഇടിച്ച് കയറ്റിയ രതീഷിന്‍റെ പരാതിയിലാണ് ചായക്കടയുടമ വിനോദടക്കം അഞ്ച് പേര്‍ക്കെതിരെ കുട്ടമ്പുഴ പൊലീസ് കേസെടുത്തത്. ജീപ്പ് സഫാരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംസാരിക്കുന്നതിനിടെ നാട്ടുകാരാണ് ആദ്യം ആക്രമിച്ചതെന്നാണ് രതീഷിന്‍റെ മൊഴി.
മാമലക്കണ്ടത്ത് ചായക്കകടയിലേക്ക് ഞായറാഴ്ച വൈകിട്ടാണ് രതീഷ് ജീപ്പിടിച്ചു കയറ്റിയത്. പലതവണ ജീപ്പ് കടയിലേക്ക് ഇടിച്ച്കയറ്റിയതോടെ വിനോദുൾപ്പടെ അഞ്ച് പേർക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവർ രതീഷിനായി അന്വേഷണം തുടരവെയാണ് നാട്ടുകാർക്കെതിരെ പരാതി എത്തിയത്. വിനോദ് ഉൾപ്പെടെയുള്ള നാട്ടുകാറാണ് തന്നെ ആദ്യം ആക്രമിച്ചതെന്നാണ് രതീഷിന്റെ പരാതി. കടയിൽവെച്ച് പട്ടിക കൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചു. നാട്ടുകാരുടെ ആക്രമണം പ്രതിരോധിക്കാനാണ് ജീപ്പ് കടയിലേക്ക് ഇടിച്ച്കയറ്റിയതെന്നുമാണ് രതീഷിന്റെ മൊഴി. മുഖത്ത് പരുക്കേറ്റ രതീഷ് ആശുപത്രിയിൽ ചികിത്സിയിലാണ്. വധശ്രമം, മാരകായുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് നാട്ടുകാർക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസെടുത്തെങ്കിലും രതീഷിന്റെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ജീപ്പ് സഫാരിയുമായി ബന്ധപെട്ട് നേരത്തെ നിലനിന്നിരുന്ന തർക്കത്തിന്റെ വൈരാഗ്യമാണ് രതീഷിന്റെ അതിക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ആദിവാസികൾക്കെതിരായ അതിക്രമം തടയാൽ, വധശ്രമം അടക്കമുള്ള വകുപ്പുകളാണ് രതീഷിനെതിരെ ചുമത്തിയിട്ടുള്ളത്.