അഴീക്കലിന് സമീപം അറബിക്കടലില്‍ തീപിടിച്ച കപ്പലിലെ തീ അണയ്ക്കാന്‍ കഴിഞ്ഞില്ല. നിയന്ത്രണമില്ലാതെ ഒഴുകുന്ന കപ്പല്‍ ചെരിയാന്‍ തുടങ്ങി. കാണാതായ നാലു കപ്പല്‍ ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊടുംവിഷ പദാര്‍ഥങ്ങളുള്ള കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുന്നു. കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീണു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡി.ജി ഷിപ്പിങ്ങിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
വാന്‍ ഹയി 503 എന്ന ചരക്കു കപ്പലിലെ തീ അണയ്ക്കാന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും ശ്രമം തുടരുകയാണ്. ഇന്ധന ടാങ്കിന് സമീപത്താണ് തീ പടരുന്നത്. ടാങ്കില്‍ 2,000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമുണ്ട്. കപ്പലിന്‍റെ മധ്യഭാഗം മുതല്‍ ജീവനക്കാര്‍ താമസിക്കുന്ന ബ്ലോക്കിന് മുന്നിലെ കണ്ടെയ്നര്‍ ഭാഗം വരെ തീയും പൊട്ടിത്തെറിയും തുടരുന്നു. മുന്‍ഭാഗത്തെ തീ അല്‍പം നിയന്ത്രണ വിധേയമായി. കനത്ത പുകയുണ്ട്. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ ഇടത്തേയ്ക്ക് ചെരിഞ്ഞു. കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേയ്ക്ക് വീണു. കണ്ടെയ്നറുകളില്‍ തട്ടി പ്രൊപ്പലര്‍ തകരാമെന്നതിനാല്‍ മറ്റു കപ്പലുകള്‍ക്ക് അടുത്തേയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമുദ്രപ്രഹരി, സചേത് എന്നിവയില്‍ നിന്ന് ശക്തമായി വെള്ളം പമ്പുചെയ്ത് കപ്പല്‍ തണുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
രക്ഷാപ്രവര്‍ത്തനവും കണ്ടെയ്നറുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനുള്ള നടപടികളും ചര്‍ച്ച ചെയ്യാന്‍ മാരിടൈം റെസ്ക്യു കോര്‍ഡിനേഷന്‍ സെന്‍റര്‍ യോഗം ചേര്‍ന്നു. ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. സാല്‍വേജ് ഓപ്പറേഷനായുള്ള ഉദ്യോഗസ്ഥരുമായി കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സമര്‍ഥ് അപകടസ്ഥലത്തേയ്ക്ക് തിരിച്ചു. കപ്പല്‍ മുങ്ങുന്ന സാഹചര്യമുണ്ടായാല്‍ കടലില്‍ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ് കോസ്റ്റ് ഗാര്‍ഡ്.