പഹൽഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയ മുസാഫിറിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ഇടത് എംപി എഎ റഹിം. യഥാർഥത്തിൽ മുസാഫിറിനെയും സമീറിനെയും പോലുള്ള അനേകം കാശ്മീരി സഹോദരങ്ങൾക്ക് മുന്നിലാണ് തീവ്രവാദം തോറ്റമ്പി പോകുന്നതെന്നും, മതം നോക്കി നിരപരാധികളുടെ നേരെ നിറയൊഴിക്കുന്ന മതതീവ്രവാദത്തിന് മുന്നിൽ മുട്ടുമടക്കാത്ത മനുഷ്യരാണവരെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഭീകരാക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ടശേഷം തന്‍റെ ഡ്രൈവർമാരായ മുസാഫിറും സമീറും എല്ലാത്തിനും കൂടെനിന്നുവെന്നും, സഹോദരിയോടെന്ന പോലെയാണ് പെരുമാറിയതെന്നും ആരതി പറഞ്ഞിരുന്നു. “കശ്മീരിൽ എനിക്ക് രണ്ടു സഹോദരങ്ങളെ കിട്ടി, മുസാഫിറും സമീറും!. അല്ലാഹു അവരെ രക്ഷിക്കട്ടെ“. പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച രാമചന്ദ്രന്റെ മകൾ ആരതിയുടെ ഹൃദയസ്പർശിയായ ഈ വാക്കുകൾ നമ്മൾ മറന്നിട്ടില്ല.
ആരതി പറഞ്ഞ മുസാഫിറിനൊപ്പം ഇന്ന് കശ്മീരിൽ നിന്നും പകർത്തിയ ചിത്രമാണിത്. സഖാവ് എം എ ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇന്ന് മുതൽ രണ്ട് ദിവസം ഞാനുൾപ്പെടെ കശ്മീരിലാണ്. ശ്രീനഗർ വിമാനത്താവളത്തിന് പുറത്ത് മുസാഫിർ എന്ന നന്മ നിറഞ്ഞ മനുഷ്യനെ ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങളുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം മുസാഫിറിന്റെതാണ്.
യഥാർഥത്തിൽ മുസാഫിറിനെയും സമീറിനെയും പോലുള്ള അനേകം കാശ്മീരി സഹോദരങ്ങൾക്ക് മുന്നിലാണ് തീവ്രവാദം തോറ്റമ്പി പോകുന്നത്. മതം നോക്കി നിരപരാധികളുടെ നേരെ നിറയൊഴിക്കുന്ന മതതീവ്രവാദത്തിന് മുന്നിൽ മുട്ടുമടക്കാത്ത മനുഷ്യർ. ആരതിയെ ചേർത്തു പിടിച്ച “അവളുടെ സഹോദരനൊപ്പം ” – എഎ റഹിം എഫ്ബി പോസ്റ്റില്‍ വ്യക്തമാക്കുന്നു.