നടൻ ഷൈനിന്‍റെ പിതാവ് ചാക്കോയുടെ അന്ത്യകർമങ്ങൾക്കിടെ വൈകാരിക രംഗങ്ങൾ. അപകടത്തിൽ ഇടുപ്പെല്ല് പൊട്ടിയ അമ്മയെ സ്ട്രക്ചറിൽ ആണ് ഭൗതിക ശരീരത്തിനരികിൽ എത്തിച്ചത്. കൈ ഒടിഞ്ഞ ഷൈൻ ശസ്ത്രക്രിയ നീട്ടിവയ്പിച്ചാണ് പിതാവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
ആംബുലൻസിൽ നടൻ ഷൈൻ വീട്ടിൽ എത്തി. എല്ലാ പ്രതിസന്ധികളിലും നിഴലായി കൂടെ നിന്ന ഡാഡിയെ യാത്രയാക്കാൻ. കൈ ഒടിഞ്ഞതിന്‍റെ വേദന കടിച്ചമർത്തി ഷൈൻ , ഡാഡിയ്ക്ക് യാത്രാമൊഴി നൽകി. പിതാവിന്‍റെ ഓർമകൾക്ക് മുമ്പിൽ നിയന്ത്രണം നഷ്ടപ്പെട്ട് മകൻ വിങ്ങിപൊട്ടി.
മുണ്ടൂർ കർമമാതാവിൻ പള്ളിയിലായിരുന്നു അന്ത്യകർമങ്ങൾ. നടൻമാരായ ടൊവിനൊ , സൗബിൻ , ടി.ജി. രവി , ശ്രീജിത്ത് രവി , സംവിധായകൻ കമൽ ഉൾപ്പെടെ ഒട്ടേറെ സഹപ്രവർത്തകർ അന്ത്യ ചടങ്ങിനെത്തി . ലൊക്കേഷനിൽ ഉൾപ്പെടെ ഷൈനിനൊപ്പം ഈയിടെ എല്ലായ്പ്പോഴും പിതാവ് ചാക്കോ ഉണ്ടാകുമായിരുന്നു. സിനിമ തിരഞ്ഞെടുക്കുന്നത് മുതൽ വേതന കാര്യത്തിൽ വരെ മകനോടൊപ്പം നിന്ന പിതാവ്. വിഷമഘട്ടത്തെ തരണം ചെയ്യാൻ മകന് ആത്മവിശ്വാസം നൽകിയ ഡാഡി. ഷൈനിന്‍റെ ചികിൽസയ്ക്കായി ബംഗ്ലൂരു യാത്ര നടത്തുമ്പോൾ കാർ ലോറിയിലിടിച്ചായിരുന്നു അപകടം. ചാക്കോ തൽക്ഷണം മരിച്ചു. അമ്മ മരിയ കാർമലിന് ഇടുപ്പെല്ലിന് പൊട്ടലുണ്ട്. ഷൈനിന്‍റെ ഇടതു കൈ ഒടിഞ്ഞു. ശസ്ത്രക്രിയ ഉടൻ നടത്തും. ചാക്കോയുടെ അന്ത്യയാത്രയ്ക്കു ശേഷം ഷൈൻ ആശുപത്രിയിലേയ്ക്കു മടങ്ങി . ചികിൽസയ്ക്കായി അമ്മയും . രണ്ടു സഹോദരിമാരും സഹോദരനും അടങ്ങുന്നതാണ് ഷൈനിന്‍റെ കുടുംബം.